വെടിയുണ്ടയിൽ നിന്നും ഒരു പുരോഹിതന്റെ ജീവൻ രക്ഷിച്ച ഉത്തരീയം
ചിലപ്പോഴൊക്കെ ദൈവം അദ്ഭുതകരമായി ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കും. ഇത് പല വിധത്തിൽ സംഭവിക്കാം. ദൈവം ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് പലപ്പോഴും വ്യക്തികളുടെ വിശ്വാസം എടുത്തുകാണിക്കുന്നതിനാണ്. അത്തരമൊരു സംഭവമാണ് ഗാർമെന്റ് ഓഫ് ഗ്രേസ് പങ്കുവയ്ക്കുന്നത്. ഒരു പുരോഹിതൻ തന്റെ ഉത്തരീയം ധരിച്ചതിലൂടെ ദൈവം അദ്ദേഹത്തെ എങ്ങനെ രക്ഷിച്ചുവെന്ന് അദ്ദേഹം വിവരിക്കുന്നു.
ഒരു ദിവസം തീർഥാടനത്തിനെത്തിയ ഒരു ഫ്രഞ്ച് പുരോഹിതൻ കുർബാന അർപ്പിക്കാൻ പ്രാദേശത്തെ പള്ളിയിലേക്ക് നടന്നു പോകുകയായിരുന്നു. പള്ളിക്കടുത്തെത്തിയപ്പോൾ പുരോഹിതൻ എന്തോ മറന്നുപോയതായി മനസ്സിലായി.
രാവിലെ വസ്ത്രം ധരിക്കുമ്പോൾ, വസ്ത്രത്തിനടിയിൽ സാധാരണയായി ധരിക്കാറുള്ള ഉത്തരീയം ധരിക്കാൻ ആ പുരോഹിതൻ മറന്നു പോയിരുന്നു. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരിശുദ്ധ കന്യകാമറിയത്തെ ഉത്തരീയം ധരിച്ചുകൊണ്ട് ആദരിക്കാതെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. താമസസ്ഥലത്തേക്ക് തിരികെ പോയാൽ കുർബാനയ്ക്ക് വൈകും. എങ്കിലും പുരോഹിതൻ ഓടിച്ചെന്ന് തന്റെ ഉത്തരീയം ധരിക്കാൻതന്നെ തീരുമാനിച്ചു. അങ്ങനെ ഉത്തരീയം ധരിച്ചുകൊണ്ട് തന്റെ വിശുദ്ധബലിയർപ്പണം ആരംഭിച്ചു.
പിന്നീട്, അദ്ദേഹം വിശുദ്ധ ബലിയർപ്പിക്കുന്നതിനിടയിൽ, ഒരു ചെറുപ്പക്കാരൻ അൾത്താരയുടെ അടുത്തേക്ക് വരികയും ഒരു തോക്ക് പുറത്തെടുത്ത് പുരോഹിതന്റെ പിന്നിൽ നിന്ന് വെടിവെക്കുകയും ചെയ്തു. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പുരോഹിതൻ വിശുദ്ധ കുർബാനയിലെ പ്രാർഥനകൾ തുടർന്നു. വെടിയുണ്ട അദ്ഭുതകരമായി ലക്ഷ്യം തെറ്റിയെന്ന് മനസിലായി. എന്നിരുന്നാലും, പരിശോധനയിൽ, വെടിയുണ്ട അദ്ദേഹത്തിന്റെ ഉത്തരീയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി.
കഥ ഇപ്രകാരമാണെകിലും പുരോഹിതന്റെ പേര്, തീയതി, സ്ഥലം തുടങ്ങിയ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ഇത് ഒരു വ്യക്തിയുടെ വിശ്വാസത്തെയും അവരുടെ വിശ്വാസം അവരെ അപകടത്തിൽ നിന്ന് അക്ഷരാർഥത്തിൽ എങ്ങനെ രക്ഷിച്ചെന്നും എടുത്തുകാണിക്കുന്നു.
വിശുദ്ധമായ എന്തെങ്കിലും ധരിച്ചാൽ ആരെങ്കിലും രക്ഷിക്കപ്പെടുമെന്ന് ഈ കഥകൾ ഉറപ്പുനൽകുന്നില്ലെങ്കിലും ദൈവത്തിൽ ആധികാരിക വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ ഇത് ശക്തിപ്പെടുത്തുന്നു. അവരുടെ ആവശ്യസമയത്ത് ദൈവം അവരെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. നമുക്ക് ദൈവത്തിൽ ആഴത്തിലുള്ള വിശ്വാസമുണ്ടെങ്കിൽ, എന്തും സാധ്യമാണ്.