സംശയരോഗം’ നാസയിലും; ചാരവൃത്തി ഭയന്ന് ചൈനീസ് പൗരന്മാരെ പദ്ധതികളിൽ നിന്ന് ‘പുറത്തിരുത്തി’ നാസ

ട്രംപ് ഭരണകൂടത്തിന്‍റെ ‘സംശയരോഗം’ ബഹിരാകാശ ഗവേഷക മേഖലയിലേക്കും വ്യാപിക്കുന്നു.
ചൈനക്ക് മേൽ പകരചുങ്കം അടിച്ചേൽപ്പിച്ചതിന് പിന്നാലെ തിരിച്ചടി ഭയന്ന് സകലമേഖലയിലും നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ് യുഎസ്.
വിവരങ്ങൾ ചോർത്തി നൽകുമോ എന്ന ഭയം കൊണ്ട് ചൈനീസ് പൗരന്മാരെ നാസയിൽ വിലക്കിയതാണ് പുതിയ വാർത്ത.
അമേരിക്കൻ വിസ കൈവശമുള്ള ചൈനീസ് പൗരത്വമുള്ള ഗവേഷകർക്ക് നാസയുടെ സൗകര്യങ്ങൾ, ഗവേഷണ പരിപാടികൾ, ആഭ്യന്തര നെറ്റ്‌വർക്കുകൾ എന്നിവയിലേക്കാണ് പ്രവേശനം തടഞ്ഞത്.
ചൈനയുമായുള്ള മത്സരം കടുക്കുന്ന വേളയിൽ അമേരിക്കയുടെ ബഹിരാകാശ പ്രോജക്ടുകൾ ‘സംരക്ഷിക്കുന്ന’തിനാണ് ഇത്തരം നടപടികളിലേക്ക് നാസ കടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാസ പദ്ധതികളിൽ കരാറുകാരായോ ഗവേഷകരായോ ഉൾപ്പെട്ടിട്ടുള്ള ചൈനീസ് പൗരത്വമുള്ള വ്യക്തികൾക്ക് സെപ്റ്റംബർ 5 മുതൽ അവർക്ക് ലഭിച്ചിരുന്ന ആക്സസ് നിർത്തലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
പലരും മുന്നറയിപ്പില്ലാതെ ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്നും പുറത്തായതായും, ജോലിയുമായി ബന്ധപ്പെട്ട നേരിട്ടുള്ളതും വെർച്വൽ ആയിട്ടുമുള്ള മീറ്റിംഗുകളിൽ നിന്നും വിലക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ഈ നയമാറ്റം നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സൈബർ സുരക്ഷാ അപകടസാധ്യതകൾ അടക്കമുള്ള സുരക്ഷാ വീഴ്ചകൾ തടയുന്നതിന്‍റെ ഭാഗമാണ് ഈ നടപടിയെന്നും അവർ വിശദീകരിച്ചു.
യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.