ജോൺ പോൾ ഒന്നാമൻ പാപ്പ ജീവിതത്തിലുടനീളം ഉരുവിട്ടിരുന്ന പ്രാർഥന

 
john paul

33 ദിവസം മാത്രം തിരുസഭയെ നയിച്ച മാർപാപ്പയാണ് ജോൺ പോൾ ഒന്നാമൻ പാപ്പ. അദ്ദേഹത്തിന്റെ പ്രാർഥനകൾ എന്നും ശ്രദ്ധേയമായിരുന്നു. സ്വന്തം അമ്മയിൽനിന്നും പാപ്പ പഠിച്ചതും ദിവസത്തിൽ പലതവണ ഉരുവിട്ടിരുന്നതുമായ ഒരു പ്രാർഥനയെ നമുക്ക് പരിചയപ്പെടാം.

പുഞ്ചിരിക്കുന്ന പാപ്പ എന്നറിയപ്പെടുന്ന ജോൺ പോൾ ഒന്നാമൻ പാപ്പ തന്റെ പ്രസംഗങ്ങളെല്ലാം ആരംഭിച്ചിരുന്നത് ഈ പ്രാർഥന ഉരുവിട്ടുകൊണ്ടായിരുന്നു. ഈ പ്രാർഥന തന്റെ അമ്മ പഠിപ്പിച്ചതാണെന്ന് പാപ്പ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

“എന്റെ ദൈവമേ, എന്റെ പൂർണ്ണഹൃദയത്തോടെ എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞങ്ങളുടെ അനന്തമായ നന്മയും ശാശ്വതസന്തോഷവുമായ ദൈവമേ, അങ്ങയുടെ സ്നേഹത്താൽ ഞാൻ എന്നെപ്പോലെ തന്നെ എന്റെ അയൽക്കാരനെയും സ്നേഹിക്കുന്നു. ചെയ്ത തെറ്റുകൾ ഞാൻ ക്ഷമിക്കുന്നു. കർത്താവേ, അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കൂ.”

1978 സെപ്റ്റംബർ 27-ന് അവസാനമായി നടന്ന പൊതുകൂടിക്കാഴ്ചയിൽ മാർപാപ്പ ഈ പ്രാർഥന ഉരുവിട്ടിരുന്നു. ഈ പ്രാർഥനയുടെ അർഥം എന്താണെന്ന ചോദ്യത്തിന് മാർപാപ്പ വിശദീകരണം നൽകിയത് ഇപ്രകാരമായിരുന്നു:

“സ്നേഹിക്കുകയെന്നാൽ യാത്ര ചെയ്യുക. ഇഷ്ടപ്പെട്ട വസ്തുവിലേക്ക് ഹൃദയംകൊണ്ട് ഓടുക എന്നാണ്. അതായത്, ദൈവത്തെ സ്നേഹിക്കുക എന്നാൽ ഹൃദയംകൊണ്ട് ദൈവത്തിലേക്കു യാത്രചെയ്യുക എന്നാണ്. അത് ഒരു മനോഹരമായ യാത്രയാണ്.”

തൊട്ടടുത്ത ദിവസം സെപ്റ്റംബർ 28-നാണ് ജോൺ പോൾ ഒന്നാമൻ പാപ്പ ഹൃദയാഘാതം മൂലം മരണമടയുന്നത്.

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web