പ്രചോദനമേകിയ തന്റെ അമ്മയുടെ കല്ലറയ്ക്കരികെ നവവൈദികന്റെ പ്രഥമ ബലിയര്‍പ്പണം

മെക്‌സിക്കോ സിറ്റി: പുതുതായി തിരുപ്പട്ടം സ്വീകരിച്ച മെക്‌സിക്കന്‍ വൈദികന്‍ തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തിയത് അമ്മയുടെ കല്ലറയ്ക്കരികെ. തന്റെ ദൈവവിളിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അമ്മയുടെ അനുസ്മരണാര്‍ത്ഥമാണ് ഫാ. കാര്‍ലോസ് എലീനോ ഗാര്‍സിയ സാന്റാന എന്ന വൈദികന്‍ ബലിയര്‍പ്പിച്ചത്.
തിരുപ്പട്ടം സ്വീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സ്വന്തം ഇടവകയിലോ ചരിത്ര പ്രാധാന്യമുള്ള മറ്റ് ഏതെങ്കിലും പള്ളിയിലോ നടത്താറാണ് പതിവുള്ളത്. എന്നാല്‍ ഫാ. ഗാര്‍സിയ സാന്റാന തന്റെ പൗരോഹിത്യ ശുശ്രൂഷ വളരെ വ്യക്തിപരമായ രീതിയില്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരിന്നു.
ജൂണ്‍ 30-ന് മെക്‌സിക്കോയിലെ തന്റെ ജന്മനാടായ ലാ ഡെസെംബോകാഡയില്‍ പട്ടം സ്വീകരിച്ച ഫാ. കാര്‍ലോസ് ഗാര്‍സിയ സാന്റാന, ജൂലൈ ഒന്നിനാണ് പ്രഥമ ബലിയര്‍പ്പണം നടത്തിയത്. അമ്മയുടെ കല്ലറയ്ക്കരികെ എല്‍ റാഞ്ചിറ്റോ ചാപ്പലില്‍വെച്ച് നടന്ന ദിവ്യബലിയില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
തന്റെ പൗരോഹിത്യ യാത്രയില്‍ അമ്മ പ്രധാന വ്യക്തിയായിരുന്നുവെന്ന് ഫാ. ഗാര്‍സിയ അനുസ്മരിച്ചു. സെമിനാരിയില്‍ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തെ അമ്മ ആദ്യം എതിര്‍ത്തെങ്കിലും, ദരിദ്രരെയും സമൂഹത്തെയും ഒരിക്കലും മറക്കാത്ത വിശുദ്ധനായ കരുണയുള്ള ഒരു പുരോഹിതനാകാന്‍ പിന്നീട് പ്രേരിപ്പിക്കുകയായിരിന്നുവെന്ന് നവവൈദികന്‍ വെളിപ്പെടുത്തി.
2007ല്‍ സെമിനാരിയില്‍ പ്രവേശിച്ചുവെങ്കിലും 2013-ല്‍ സെമിനാരി പഠനം താല്‍ക്കാലികമായി നിര്‍ത്തി. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ജീവിതം മാറ്റിവെച്ച നാള്‍ കൂടിയായിരിന്നു അത്. ചെറിയ ബിസിനസ്സ് നടത്തിയതിനിടെ അദ്ദേഹം പഠനം തുടര്‍ന്നു.
2018-ല്‍ അമ്മ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇതിനിടയില്‍ അദ്ദേഹത്തിന് വല്ലാത്ത ആന്തരിക ശൂന്യത അനുഭവപ്പെട്ടിരിന്നു. തന്റെ യഥാര്‍ത്ഥ വിളി പൗരോഹിത്യത്തില്‍ തന്നെയാണെന്ന് ഫാ. കാര്‍ലോസ് തിരിച്ചറിഞ്ഞതു 2020 ലെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയത്തായിരിന്നു.
ബിഷപ്പും ആത്മീയ ഡയറക്ടറും പ്രോത്സാഹനം നല്‍കിയതോടെ അദ്ദേഹം സെമിനാരി രൂപീകരണം പുനരാരംഭിക്കുകയായിരിന്നു. തന്റെ അമ്മ ഇതിനകം തന്നെ ദൈവത്തിന്റെ സാന്നിധ്യം ആസ്വദിക്കുന്നുണ്ടെന്ന് പ്രത്യാശിക്കുകയാണെന്നു ഫാ. കാര്‍ലോസ് പറയുന്നു.