"ഒരു പ്രാർത്ഥനയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും സംശയിക്കരുത്" ഇന്നത്തെ ചിന്താവിഷയം
മനുഷ്യനെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന് ഒത്തിരി പരിമിതികൾ ഉണ്ട്. താൻ പാതി ദൈവം പാതി എന്നാണല്ലോ. ധിക്കാരികളും അഹങ്കാരികളുമായ ചില മനുഷ്യർക്ക് ഒരു വിചാരമുണ്ട്. അവർ ചെയ്തതും നേടിയതും എല്ലാം അവരുടെ മിടുക്ക് കൊണ്ടാണെന്ന്, കഴിവുകൊണ്ടാണെന്ന്.
അവർ അങ്ങനെയെ പറയുകയുള്ളൂ, അതുപോലെയേ ചിന്തിക്കുകയുള്ളൂ. ദൈവത്തെയും സജ്ജനങ്ങളെയും ചോദ്യം ചെയ്യുന്നതാണ് അവരുടെ രീതി. അപ്രതീക്ഷിതമായി ജീവിതത്തിൽ തിരിച്ചടികൾ കിട്ടുമ്പോൾ പോലും അവർ തെറ്റുകൾ തിരുത്താറില്ല, പഠിക്കുകയും ഇല്ല.
പ്രാർത്ഥനയുടെ ശക്തി, പ്രാർത്ഥനയുടെ ബലം അത് അനുഭവിച്ച് അറിയേണ്ടതാണ്. നമ്മുടെ പൂർവികരിൽ നല്ലൊരു ഭാഗവും പ്രാർത്ഥനയിലും ആരാധനയിലും വിശ്വസിച്ചിരുന്നവരല്ലേ.
ഇളം തലമുറകളിലേക്ക് ആ വിശ്വാസത്തെ പകർന്നു കൊടുക്കാനും അവർ ശ്രദ്ധിച്ചിരുന്നു. മനുഷ്യൻ ഏതു മതത്തിൽ ആയാലും ഏതു ജാതിയിലായാലും ദൈവം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയുന്നവർ വളരെ കുറവല്ലേ. ദൈവത്തിൽ ആശ്രയിക്കുന്നതിൽ ഒരു കുറച്ചിലുമില്ല.
പ്രാർത്ഥനയുടെ ശക്തിയും ബലവും അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് നമ്മുടെ പൂർവികർ എന്നും ദൈവത്തിൽ ആശ്രയിച്ചിരുന്നത്. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മതി, അതിന് മറുപടി കിട്ടും.
"നീ എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ മറുപടി നൽകും; നിൻ്റെ ബുദ്ധിക്ക് അതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തും" എന്ന് ജെറെമിയ പ്രവാചകന്റെ പുസ്തകത്തിൽ മുപ്പത്തി മൂന്നാം അദ്ധ്യായത്തിൽ മൂന്നാം വാക്യത്തിലെ ദൈവവചനം ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
"ഒരു കടുക് മണിയോളം വിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ നീ ഈ മലയോട് അങ്ങോട്ട് മാറിപ്പോകുക എന്ന് പറഞ്ഞാൽ അത് മാറിപ്പോകും" എന്ന് മത്തായിയുടെ സുവിശേഷത്തിലെ പതിനേഴാം അദ്ധ്യായത്തിലെ ഇരുപതാം വാക്യവും ഓർമ്മിപ്പിക്കുന്നു.
വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അതിനുത്തരം കൃത്യമായി കിട്ടിയിരിക്കും എന്നതിന് എത്രയോ അനുഭവ സാക്ഷ്യങ്ങൾ പലർക്കും പറയാനുണ്ടാവും.
രോഗങ്ങൾ മാറാൻ ജോലി ലഭിക്കാൻ വിവാഹം നടക്കാൻ കുട്ടികൾ ഉണ്ടാവാൻ പരീക്ഷകളിൽ വിജയിക്കാൻ എന്ന് വേണ്ട, ഏതൊരു കാര്യം ആഗ്രഹിച്ച് അതിനുവേണ്ടി വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ദൈവം അത്ഭുത വഴികൾ നിങ്ങളുടെ മുന്നിൽ തുറന്നു തന്നിരിക്കും.
"മരുഭൂമിയിൽ നദികളും വിജനപ്രദേശത്ത് പാതകളും" തുറന്നു തരാൻ കഴിവുള്ള ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്ന് ഉറച്ച് വിശ്വസിച്ചു ഇന്ന് തന്നെ പ്രാർത്ഥന ആരംഭിച്ചോളൂ.!
സുഭാഷ് ടിആർ