കോപിക്കാം. എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ. പ്രഭാത പ്രാർത്ഥന
കരുണാമയനായ ഞങ്ങളുടെ നല ദൈവമേ... ഉരുകിയ മനസ്സോടെയും മുറിവേറ്റ ഹൃദയത്തോടെയും ഈ പ്രഭാതത്തിൽ ഞങ്ങളിതാ അവിടുത്തെ കാരുണ്യം തേടിയണയുന്നു. ജീവിതത്തിൽ ഏറെ പശ്ചാത്താപത്തോടെ ഞങ്ങൾക്ക് തലകുനിക്കേണ്ടി വരുന്നതും.
എത്ര പരിശ്രമിച്ചിട്ടും ഉപേക്ഷിക്കാൻ കഴിയാതെ മാനസികമായി ഞങ്ങളെ ഏറെ തളർത്തുന്നതും എവിടെയും നിയന്ത്രിക്കാനാവാത്ത ഞങ്ങളുടെ ദേഷ്യ മനോഭാവമാണ്. ചിലപ്പോഴെങ്കിലും ആഗ്രഹിച്ചതു പോലെയൊരു ജീവിതം കിട്ടാതെ വരുമ്പോഴോ. മറ്റുള്ളവരിൽ നിന്നും ഞങ്ങളുടെ കുറവുകളെയോ ജീവിതാവസ്ഥകളെയോ മറച്ചു പിടിക്കേണ്ടി വരുമ്പോഴോ.
ഒന്നു ക്ഷമിച്ചു കഴിഞ്ഞാൽ വിലയില്ലാതാവുമോ എന്നു ഭയപ്പെടുമ്പോഴോ ഉള്ളിലുള്ള സ്നേഹത്തെ മറച്ചു പിടിച്ചു കൊണ്ട് എന്തിനും ഏതിനും ദേഷ്യപ്പെടുന്ന പരുക്കൻ സ്വഭാവത്തെ ഞങ്ങളുടെ ജീവിതത്തിന്റെ ശീലമാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.
കർത്താവേ... അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ. വികലമായ ചിന്തകളിൽ നിന്നും നിഷേധപരമായ സ്വഭാവരീതികളിൽ നിന്നും വിടുവിക്കുകയും. എല്ലാവിധ മാനസിക സംഘർഷങ്ങളിൽ നിന്നും ഞങ്ങൾക്ക് മോചനം നൽകുകയും ചെയ്യണമേ. മറ്റുള്ളവരോട് അനുഭാവപൂർവ്വം പെരുമാറാനും. ആത്മസംയമനത്തോടെ ജീവിക്കാനുമുള്ള കൃപ നൽകി അവിടുത്തെ ആത്മാവിനാൽ ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമേ...
സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ