ആത്മീയ നവീകരണത്തിന് പുതിയ തുടക്കം കുറിക്കേണ്ട ജനുവരി മാസം
ജനുവരി മാസം പ്രത്യാശയുടെയും മാറ്റത്തിന്റെയും മാസമാണ്. ജീവിതത്തിലെ പ്രയാസങ്ങൾക്കിടയിൽ എല്ലാം പുതുതായി ആരംഭിക്കാൻ കഴിയുമെന്ന വലിയൊരു ബോധ്യം ഈ മാസം നമുക്കു നൽകുന്നു. മിക്ക ആളുകളും ജനുവരിയിൽ ശാരീരിക ആരോഗ്യത്തിനും വ്യായാമത്തിനും മുൻഗണന നൽകുന്നവരാണ്. എന്നാൽ നമ്മുടെ ആത്മീയജീവിതത്തെ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്.
പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുക
നമ്മുടെ ആത്മീയവളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാനഘടകം പാപത്തോടുള്ള അമിതമായ താൽപര്യമാണ്. ദൈവവുമായുള്ള ബന്ധത്തിൽ മാറ്റങ്ങളുണ്ടാകണമെങ്കിൽ നമ്മെ തളച്ചിട്ടിരിക്കുന്ന പാപശീലങ്ങളിൽ നിന്ന് നാം മോചിതരാകണം. ജനുവരിയുടെ തുടക്കത്തിൽത്തന്നെ ഒരു നല്ല കുമ്പസാരത്തിലൂടെ മനസ്സിനെ ശുദ്ധീകരിക്കുന്നത് ഒരു പുതിയ തുടക്കത്തിനു സഹായിക്കും.
ഒരു ‘യുദ്ധപദ്ധതി’ തയ്യാറാക്കുക
തിന്മയുടെ വഴികളിൽ നിന്ന് വിട്ടുനിൽക്കാൻ വ്യക്തമായ ഒരു പ്ലാൻ നമുക്ക് ആവശ്യമാണ്. ഏതെല്ലാം സാഹചര്യങ്ങളാണ് നമ്മെ തെറ്റിലേക്കു നയിക്കുന്നതെന്ന് ചിന്തിക്കുകയും അവ ഒഴിവാക്കാൻ പരിശ്രമിക്കുകയും വേണം.
ഉദാഹരണത്തിന്, മോശമായ സോഷ്യൽ മീഡിയ ശീലങ്ങളുണ്ടെങ്കിൽ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ, വിശ്വസ്തനായ ഒരു വ്യക്തിയുടെ സഹായം തേടുകയോ ചെയ്യാം.
ദൈവവുമായുള്ള ബന്ധം പുതുക്കുക
ആത്മീയജീവിതം എന്നത് കേവലം മോശം ശീലങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല, മറിച്ച് അത് നമ്മെ സ്നേഹിക്കുന്ന ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധമാണ്. ഈ ജനുവരിയിൽ നമ്മുടെ ഹൃദയവാതിൽ ദൈവത്തിനായി തുറന്നുകൊടുക്കാം. വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ ദൈവസ്നേഹത്തിൽ വളരാൻ നമുക്ക് ഈ മാസം മുതൽ പരിശ്രമിക്കാം.
കടപ്പാട്- ലൈഫ് ഡേ