ഗാസയിലെ ആക്രമണം: ഇസ്രായേലിന്റെ ന്യായീകരണം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് ജെറുസലേം പാത്രിയാർക്കീസ്

 
Patgreekeese

ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാന്‍ കഴിയില്ലായെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ധാർമ്മിക കടമയാണ്. ഗാസയിലെ ജനങ്ങളെ മറക്കില്ലെന്നും ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ തിരുക്കുടുബ ദേവാലയം ആക്രമിച്ചതിനെ തുടർന്ന് ദേവാലയം സന്ദർശിച്ച പാത്രിയാർക്കീസ് വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തങ്ങൾ ഒരിക്കലും ഇസ്രായേൽ സമൂഹത്തിനോ യഹൂദ മതത്തിനോ എതിരല്ലെന്നും എന്നാൽ ഗാസയുടെ കാര്യത്തിലുള്ള ഇസ്രായേലിൻറെ നയത്തെ വ്യക്തതയോടും സത്യന്ധതയോടും കൂടി വിമർശിക്കേണ്ട ധാർമ്മിക ചുമതല തങ്ങൾക്കുണ്ടെന്നും പാത്രിയാർക്കീസ് പറഞ്ഞു. ഗാസയിലെ ജനങ്ങളെ മറക്കില്ല. സഭ മുഴുവന്റെയും സകല ക്രൈസ്തവരുടെയും ഹൃദയത്തിൽ അവരുണ്ട്. ബുദ്ധിശൂന്യമായ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കും. പത്തുലക്ഷത്തിലേറെപ്പേർ പാർപ്പിടരഹിതരായി താല്‍ക്കാലിക കൂടാരങ്ങളിലും മറ്റുമായി നദിക്കരയിൽ കഴിയുന്ന അവസ്ഥയും പാത്രിയാർക്കീസ് അനുസ്മരിച്ചു.


ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരിന്നു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായിരിന്നു ഈ ദേവാലയം. ഈ മാസം തന്നെ വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്‌ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തിനു നേരെ ഇസ്രായേലി കുടിയേറ്റക്കാരും ആക്രമണം നടത്തിയിരിന്നു.

Tags

Share this story

From Around the Web