നിരാശാജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണോ ബൈബിളിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലൂ, ആശ്വാസം ലഭിക്കും

 
prayer

വിഷാദഭരിതമായ സാഹചര്യങ്ങളിലൂടെയും പ്രതീക്ഷയറ്റ അവസരങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് താന്‍ ഒറ്റപ്പെട്ടുപോയി എന്ന ചിന്തയാണ്. അഗാധമായ ഏകാന്തതയിലേക്ക്, ഒറ്റപ്പെടലിലേക്ക് നാം വലിച്ചെറിയപ്പെടുന്നു. നമ്മുടെ മനസ്സിന്റെ ഭീകരമായ അത്തരം അവസ്ഥയെക്കുറിച്ച് മറ്റൊരാളും മനസ്സിലാക്കുകയുമില്ല.

എന്നാല്‍ നാം ഇവിടെ അറിയേണ്ട ഒരു കാര്യമുണ്ട്. ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും ആരൊക്കെ നമ്മെ തള്ളിപ്പറഞ്ഞാലും ദൈവം നമ്മുടെ ഒപ്പമുണ്ട്. ദൈവം നമ്മെ അനാഥരായി വിടുകയില്ല. വിശുദ്ധ ഗ്രന്ഥത്തിലെ നിരവധിയായ സന്ദര്‍ഭങ്ങളില്‍ അത്തരമൊരു ഓര്‍മ്മപ്പെടുത്തലും ആശ്വാസവുമുണ്ട്.

കാരണം ബൈബിളിലെ നിരവധി കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ ഒറ്റപ്പെട്ടുപോയ അവസ്ഥകളില്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്ക് ഉത്തരമരുളിയിട്ടുണ്ട്. വിവിധതരത്തിലായിരുന്നു അതെന്ന് മാത്രം. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഹാഗാറിന് അത് നീരുറവയുടെ രൂപത്തിലായിരുന്നു. ഇസ്രായേല്‍ ജനതയ്ക്ക് അത് മന്നായുടെയും കാടപ്പക്ഷിയുടെയും രൂപത്തിലായിരുന്നു. ആദ്യ കൊലപാതകിയായ കായേന് സംരക്ഷണമുദ്ര നല്കിക്കൊണ്ടായിരുന്നു. ഏലിയാ പ്രവാചകന് കാക്കയുടെ രൂപത്തിലായിരുന്നു.

ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍..എത്രയെത്ര ഉദാഹരണങ്ങള്‍. ഇവയിലൂടെ കടന്നുപോകുമ്പോള്‍ നാം പൊതുവായി തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. അവയുടെ ആകെത്തുക ഇങ്ങനെയാണ്.

ഭയപ്പെടരുത്.. നിനക്ക് നീതി ലഭിക്കും.. നിന്നോട് ഞാന്‍ കരുണ കാണിക്കും. ഞാന്‍ നിന്നോടുകൂടെയുണ്ട്.. ഞാന്‍ നിന്റെ കരം പിടിച്ചിരിക്കുന്നു.

ഈ വാഗ്ദാനങ്ങളില്‍ നാം വിശ്വസിക്കണം, ആശ്വസിക്കണം, ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ബൈബിളില്‍ നിന്ന് നാം കണ്ടെത്തി പ്രാര്‍ത്ഥിക്കണം. അത് നമുക്ക് ആശ്വാസവും പ്രത്യാശയും നല്കും.

Tags

Share this story

From Around the Web