കുഞ്ഞുമക്കളെ പെന്തക്കുസ്താ ദിനത്തിനായി ഒരുക്കാം ഈ മാർഗങ്ങളിലൂടെ

 
prayer

പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് നാം. പരിശുദ്ധാത്മാവ് അഗ്നിനാളമായി ശിഷ്യന്മാരിലേക്ക് ഇറങ്ങിവന്നതിന്റെ ഓർമ്മയാണ് നമ്മൾ ഈ ദിനത്തിൽ ആചരിക്കുന്നത്. അതിനേക്കാളുപരിയായി പരിശുദ്ധാത്മാവാകുന്ന സഹായകനെ നമുക്കു ലഭിച്ച ദിനത്തിന്റെ അനുസ്മരണം കൂടിയാണ് ഓരോ പെന്തക്കുസ്താദിനവും.

വീണ്ടും ഒരു പെന്തക്കുസ്താ ദിനത്തിനായി ഒരുങ്ങുകയാണ് നാം. ഈ ദിനത്തിന്റെ പ്രാധാന്യം മുതിർന്നവർക്ക് അറിയാമെങ്കിലും കൊച്ചുകുട്ടികൾക്ക് അത് അറിയില്ലായിരിക്കാം. എന്നാൽ സഭയിലെ പ്രധാനപ്പെട്ട ദിനം എന്ന നിലയിൽ പെന്തക്കുസ്താ തിരുനാൾദിനം ആചരിക്കാൻ അവരെ ഒരുക്കേണ്ടത് ആവശ്യമാണ്. അതിനു മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ.

1. പരിശുദ്ധാത്മാവിനെ കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്താം

പരിശുദ്ധാത്മാവ് ആരാണെന്നും എന്താണെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. ഈശോ അയച്ച സഹായകനാണെന്നും പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാണെന്നുമുള്ള വിവരങ്ങൾ കുഞ്ഞിന് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞുകൊടുക്കാം. അതിന് മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന മാർഗം സ്വീകരിക്കാം. ചിത്രങ്ങൾ കാണിക്കാം, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വീഡിയോകൾ കാണിക്കാം അങ്ങനെ എന്തുമാകാം.

2. നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എന്താണെന്നു പറഞ്ഞുകൊടുക്കാം

പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞുകൊടുക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എന്താണെന്നും അവിടുത്തെ വരദാനങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കാം. തെറ്റും ശരിയും തിരിച്ചറിയാനും ജ്ഞാനവും ബുദ്ധിയും നിറയാനും പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമാണെന്ന അറിവ് ചെറുപ്പത്തിലേ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാം.

3. പരിശുദ്ധാത്മാവിന്റെ പാട്ട് പഠിപ്പിക്കാം

കുട്ടികൾക്ക് പാട്ട് ഇഷ്ടമായിക്കുമല്ലോ. ഈ സാധ്യത കണക്കിലെടുത്ത് പരിശുദ്ധാത്മാവിന്റെ ഒരു പാട്ട് അവരെ പഠിപ്പിക്കുകയും സന്ധ്യാപ്രാർഥനയിൽ അവരെക്കൊണ്ട് പാടിപ്പിക്കുകയും ചെയ്യാം. ഇത് അവരിൽ കൂടുതൽ ഫലമുളവാക്കും. പാട്ട് പഠിപ്പിക്കുന്നതിനൊപ്പം അതിന്റെ അർഥം കൂടെ പഠിപ്പിക്കാൻ ശ്രമിക്കുന്നതും നന്നായിരിക്കും.

4. വിശുദ്ധ ഗ്രന്ഥത്തിൽ എന്ത് പറയുന്നു എന്ന് പരിചയപ്പെടുത്താം

പെന്തക്കുസ്താ ദിനത്തിനായി ഒരുങ്ങുന്ന ഈ ദിനങ്ങളിൽ പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്ന വചനഭാഗങ്ങൾ കുട്ടികൾക്കായി വായിച്ചുകൊടുക്കാം. അങ്ങനെ തിരുവചനത്തിലൂടെ പരിചയപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ അവർക്കു പകർന്നുകൊടുക്കാം. കൂടാതെ, പെന്തക്കുസ്താ അനുഭവവും ആദിമ ക്രൈസ്തവസമൂഹത്തിന്റെ ഉത്ഭവവുമൊക്കെ കുട്ടികൾക്ക് വായിച്ചുകൊടുക്കുകയോ, ഒരു കഥപോലെ അവർക്ക് പറഞ്ഞുകൊടുക്കുകയോ ആവാം. ഇത് പെന്തക്കുസ്താ തിരുനാളിന്റെ പ്രാധാന്യത്തെ മനസ്സിലാക്കുവാൻ അവരെ സഹായിക്കും.

5. പരിശുദ്ധാത്മാവിനോടുള്ള ചെറിയ പ്രാർഥനകൾ പഠിപ്പിക്കാം

പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു, പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ, ഒരു പുതിയ പെന്തക്കുസ്ത അനുഭവം ഞങ്ങൾക്കു തരേണമേ, പരിശുദ്ധാത്മാവേ ഞങ്ങളെ വിശുദ്ധികരിക്കേണമേ, പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കേണമേ തുടങ്ങി എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നതായ പ്രാർഥനകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. സന്ധ്യാപ്രാർഥനയ്ക്കു ശേഷവും ഇടസമയങ്ങളിലും ഈ പ്രാർഥനകൾ ഉരുവിടാൻ അവരെ പ്രേരിപ്പിക്കാം.

ഈ മാർഗങ്ങളിലൂടെ കുഞ്ഞുമക്കളെ പെന്തക്കുസ്താ തിരുനാളിനായി ഒരുക്കാം. അവർക്കൊപ്പം നമുക്കും പരിശുദ്ധാത്മാവിന്റെ വലിയ കൃപ ജീവിതത്തിലുടനീളം ലഭിക്കാനായി ഈ ദിനങ്ങളിൽ പ്രാർഥിക്കാം.

കടപ്പാട്- ലൈഫ് ഡേ

Tags

Share this story

From Around the Web