ദൈവമേ. അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തു കൊള്ളുകയും ചെയ്യണമേ. പ്രഭാത പ്രാർത്ഥന
സർവത്തിന്റെയും നാഥനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളുടെ ആത്മാവിന്റെ വിമോചകാ. ഏറ്റവും മഹത്വമേറിയവനേ. അനുദിനം ദൃഢമാകുന്ന ആത്മബന്ധത്തിലൂടെയും. സ്നേഹസംഭാഷണങ്ങളിലൂടെയും അങ്ങയോടു ചേർന്നിരിക്കാൻ ആഗ്രഹിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അണഞ്ഞിരിക്കുന്നു.ഈ ദിവസത്തിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങളും പ്രതിസന്ധികളും ഞങ്ങൾക്കെതിരെ പ്രബലപ്പെട്ടാലും.
അവിചാരിതമായ അപമാനങ്ങൾക്കും നിന്ദനങ്ങൾക്കും വിധേയരാകേണ്ടി വന്നാലും. കടബാധ്യതകളും ദാരിദ്ര്യാവസ്ഥകളും ഞങ്ങളെ പരിഹാസിതരാക്കിയാലും. തിന്മയുടെയും പ്രലോഭനങ്ങളുടെയും മുഴുവൻ ശക്തികളും ഞങ്ങൾക്കെതിരെ അണിനിരന്നാലും. കർത്താവേ... അങ്ങിലുള്ള ആശ്രയത്വം ഞങ്ങൾക്ക് നഷ്ടമാകാതിരിക്കട്ടെ.
ഞങ്ങളുടെ മുന്നിലുള്ള എല്ലാ വഴികളും അടയുന്നതു വരെയും. നിരാശയിൽ പതിച്ച് ഞങ്ങൾ ക്ഷീണിതരാകുന്നതു വരെയും കാത്തിരിക്കാതെ ഏറ്റവുമടുത്ത മനോശരണത്തോടെ അങ്ങയിൽ പ്രത്യാശയർപ്പിക്കാൻ ഞങ്ങളുടെ വിശ്വാസജീവിതത്തിന് കൂടുതൽ കരുത്തു പകരുകയും. പ്രതികൂല സാഹചര്യങ്ങളിൽ പോലും ദൈവഹിതത്തിനു സ്വയം സമർപ്പിക്കുവാനാവശ്യമായ കൃപയും അനുഗ്രഹവുമേകി ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ