തിരക്കുകൾക്കിടയിലും ജപമാല ചൊല്ലാൻ നാലു മാർഗങ്ങൾ

ആത്മീയപോരാട്ടത്തിൽ നമ്മെ സഹായിക്കുന്ന ആയുധമാണ് ജപമാല. തിരക്കുകളും ഉത്തരവാദിത്വങ്ങളും നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ജപമാല ചൊല്ലുന്നതിന് സമയംകണ്ടെത്താൻ കഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. എന്നാൽ, എപ്പോഴും ഉരുവിടാവുന്ന ഒരു പ്രാർഥനയാണ് ജപമാല എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.
‘ഏറ്റവും ശ്രേഷ്ഠമായ പ്രാർഥനാരീതിയും നിത്യജീവന്‍ നേടുന്നതിന് ഫലപ്രദമായ മാര്‍ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്; ഒപ്പം എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ഥനാമാര്‍ഗവുമില്ല’ എന്നാണ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പങ്കുവച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങൾക്കിടയിലും ജപമാലപ്രാർഥന ചേർത്തുപിടിക്കാൻ ഏതാനും ചില മാർഗങ്ങൾ പരിചയപ്പെടാം.
1. യാത്രയിൽ ജപമാല ചൊല്ലാം
വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നവരാണ് നമ്മൾ. ബസ്സിലോ, ട്രെയിനിലോ, കാറിലോ, ജോലിക്കായോ, മറ്റ് ആവശ്യങ്ങൾക്കായോ യാത്ര ചെയ്യുമ്പോഴൊക്കെ നമുക്ക് ജപമാല ഉരുവിട്ടുകൊണ്ടിരിക്കാം. തിരക്കുള്ള യാത്രയിൽ ജപമാല ഉപയോഗിച്ച് പ്രാർഥിക്കാൻ സാധിക്കാത്ത സമയങ്ങളിൽ കൈകളിൽ എണ്ണംപിടിച്ചോ അല്ലെങ്കിൽ ‘ഒരുവൃന്ദം മാലാഖമാരോടു ചേർന്ന്’ എന്ന് പറഞ്ഞുകൊണ്ട് ആദ്യത്തെ ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം ചൊല്ലുക. തുടർന്ന് ‘രണ്ടുവൃന്ദം മാലാഖമാരോടു ചേർന്ന് രണ്ടാമത്തെയും ഒടുവിൽ സകലവൃന്ദം മാലാഖമാരോടു ചേർന്ന് പത്താമത്തെ നന്മനിറഞ്ഞ മറിയമേ എന്ന ജപവും ചൊല്ലി മനസ്സിൽ എണ്ണം പിടിച്ചുകൊണ്ടും ജപമാല ചൊല്ലാം.
സ്വന്തമായ വാഹനത്തിലുള്ള യാത്രയാണെങ്കിൽ ജപമാലപ്രാർഥനയുടെ ഓഡിയോ പ്ലേ ചെയ്തുകൊണ്ട് അതിനോടൊപ്പവും പ്രാർഥിക്കാവുന്നതാണ്.
2. സുഹൃത്തുക്കളോടൊപ്പം പ്രാർഥിക്കാം
ഇടവകയിൽ മാസത്തിലൊരിക്കൽ കുടുംബങ്ങളൊന്നിച്ചോ, യുവജനങ്ങളൊന്നിച്ചോ ജപമാല ചൊല്ലുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത് ജപമാലഭക്തിയിൽ വളരാൻ നമ്മെ സഹായിക്കും.
കുഞ്ഞുങ്ങൾക്കൊപ്പം ഞായറാഴ്ചകളിൽ പാർക്കുകളിലും മറ്റുംപോകുമ്പോൾ കുഞ്ഞുങ്ങൾ കളിക്കുന്ന സമയങ്ങളിൽ മാതാപിതാക്കളൊരുമിച്ച് ജപമാല ചൊല്ലാം. ജോലിസ്ഥലത്തെ ഒഴിവുസമയങ്ങളിൽ സംസാരിച്ചു സമയം നഷ്ടപ്പെടുത്തുന്നതിനേക്കാൾ സുഹൃത്തുക്കളോടൊപ്പം ജപമാല ചൊല്ലാൻ പരിശ്രമിക്കുന്നതും മറ്റൊരു മാർഗമാണ്.
3. വ്യായാമം ചെയ്യുമ്പോൾ പ്രാർഥിക്കാം
എല്ലാ വ്യായാമങ്ങളിലും ജപമാല ചൊല്ലാൻ സാധിക്കണമെന്നില്ല. എന്നാൽ, നടക്കാനോ, ഓടാനോ പോകുന്ന സമയങ്ങളിൽ പാട്ടുകൾ കേൾക്കുന്നതിനുപകരം ജപമാല കേൾക്കുന്നതിലൂടെ പ്രാർഥനയോടെ വ്യായാമം ചെയ്യാൻ സാധിക്കുന്നു.
4. ഉറങ്ങുന്നതിനുമുൻപ് ജപമാല ചൊല്ലാം
ഉറങ്ങുന്നതിനുമുൻപ് ജപമാല ചൊല്ലുന്നത് ഉന്മേഷമുള്ള ഒരു പ്രഭാതംകൂടി നമുക്ക് സമ്മാനിക്കും. കാരണം, ഉറങ്ങുന്നതിനുമുൻപുള്ള നമ്മുടെ അവസാനത്തെ ചിന്തയായിരിക്കും ഉണരുമ്പോഴുള്ള നമ്മുടെ ആദ്യചിന്ത. അതിനാൽ പരിശുദ്ധ അമ്മയോട് പ്രാർഥിച്ചു കിടക്കുന്നതിലൂടെ അമ്മയുടെ സാന്നിധ്യത്തിൽ ഉണരാൻ സാധിക്കുന്നു.
സി. നിമിഷ റോസ് CSN