ബൈബിൾ വായനയ്ക്കു മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന പ്രാർഥനകൾ
ദൈവവചനം വായിക്കുന്നത് കേവലം ഒരു പുസ്തകം വായിക്കുന്നത് പോലെയല്ല. അത് നമ്മുടെ ആത്മാവിനെ ജീവിപ്പിക്കേണ്ട ഒന്നാണ്.
1. തിരിച്ചറിവിനായി പ്രാർഥിക്കുക
ബൈബിൾ ഒരു ആത്മീയ ഗ്രന്ഥമാണ്. ബുദ്ധിശക്തി കൊണ്ട് മാത്രം അത് പൂർണ്ണമായി ഗ്രഹിക്കാൻ കഴിയില്ല. ‘എന്റെ കണ്ണ് തുറക്കണമേ; നിന്റെ പ്രമാണങ്ങളിലെ അദ്ഭുതങ്ങളെ ഞാൻ കാണട്ടെ’ എന്ന് സങ്കീർത്തകൻ പ്രാർഥിച്ചതുപോലെ വചനത്തിന്റെ ആഴങ്ങളിലെ സത്യങ്ങൾ മനസ്സിലാക്കാൻ ദൈവത്തിന്റെ സഹായം ചോദിക്കുക.
2. ജ്ഞാനത്തിനായി പ്രാർഥിക്കുക
വായിക്കുന്ന കാര്യങ്ങൾ എങ്ങനെ ജീവിതത്തിൽ പ്രായോഗികമായി പകർത്തണം എന്നതാണ് ജ്ഞാനം. ‘നിങ്ങളിൽ ഒരുവന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും’. വായിക്കുന്ന വചനം ശരിയായ രീതിയിൽ ഉപയോഗിക്കാൻ ദൈവത്തോട് ജ്ഞാനം ആവശ്യപ്പെടുക.
3. താല്പര്യത്തിനായി പ്രാർഥിക്കുക
പലപ്പോഴും ബൈബിൾ വായിക്കാൻ നമുക്ക് മടിയുണ്ടാകാം. വചനത്തോട് ഒരു ആഗ്രഹം തോന്നുന്നില്ലെങ്കിൽ അത് തുറന്നു പറയുക. ‘കർത്താവേ നിന്റെ വചനത്തോടുള്ള എന്റെ താല്പര്യം വർധിപ്പിക്കണമേ’ എന്ന് പ്രാർഥിക്കുന്നത് ബൈബിൾ വായനയെ കൂടുതൽ അർഥവത്താക്കും.
4. സന്തോഷത്തിനായി പ്രാർഥിക്കുക
ബൈബിൾ വായന ഒരു ഭാരമായിട്ടല്ല മറിച്ച് സന്തോഷമായി മാറണം. ദൈവത്തിന്റെ വചനത്തിൽ സന്തോഷം കണ്ടെത്തുന്നവൻ ഭാഗ്യവാൻ എന്ന് സങ്കീർത്തനം പറയുന്നു. വചനം വായിക്കുമ്പോൾ അതിൽ നിന്നും സമാധാനവും സന്തോഷവും ലഭിക്കാൻ പ്രാർഥിക്കുക.
5. മാറ്റത്തിനായി പ്രാർഥിക്കുക
നമ്മുടെ അറിവ് വർധിപ്പിക്കാൻ മാത്രമല്ല നമ്മുടെ സ്വഭാവം മാറാനാണ് നാം ബൈബിൾ വായിക്കുന്നത്. ‘സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; നിന്റെ വചനം സത്യം ആകുന്നു ‘ എന്ന് യേശു പ്രാർഥിച്ചതുപോലെ വചനം നമ്മെ മാറ്റുന്നതിനായി ഉള്ളിലെ പാപങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി പ്രാർഥിക്കുക.
നാം ബൈബിൾ തുറക്കുന്നതിന് മുൻപ് ഹൃദയവും മനസ്സും ദൈവത്തിന് മുൻപാകെ തുറന്നുവച്ചാൽ വചനം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.