ഉറക്കമില്ലേ, ദൈവികസാന്നിധ്യം അനുഭവിച്ച് ഉറങ്ങാന്‍ പോകൂ…അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍

 
292929

ഒരു ദിവസത്തിന്റെ മുഴുവന്‍ അലച്ചിലിനും ശേഷമാണ് നാമെല്ലാവരും ഉറങ്ങാന്‍ പോകുന്നത്. ഓരോ ദിവസവും എത്രയോ സമ്മിശ്രമായ വികാരവിചാരങ്ങളാണ് നമ്മളില്‍ ഉണര്‍ത്തുന്നത്. ചിലപ്പോള്‍ സന്തോഷം..

വേറെ ചിലപ്പോള്‍ സങ്കടം.. ചിലപ്പോള്‍ നിരാശ.. മറ്റ് ചിലപ്പോള്‍ ആത്മാഭിമാനം.. ആ ദിവസത്തിന്റെ റിസള്‍ട്ട് അനുസരിച്ചായിരിക്കും ഉറങ്ങാന്‍ പോകുമ്പോഴുള്ള നമ്മുടെ വികാരവിചാരങ്ങള്‍. അതുകൊണ്ട് ചിലര്‍ക്ക് ഉറങ്ങാന്‍ കഴിയണമെന്നില്ല. പല ഓര്‍മ്മകളും നിരാശാഭരിതമായ സംഭവങ്ങളും അവരുടെ ഉറക്കം കെടുത്തുന്നു. ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

അതുപോലെ ആത്മീയരായ മനുഷ്യരെന്ന നിലയില്‍ നാം നിരാശപ്പെട്ടോ സങ്കടപ്പെട്ടോ ഉറങ്ങാന്‍ പോകേണ്ടവരല്ല. മറ്റ് പല പ്രവൃത്തികളിലുമെന്ന പോലെ ഉറങ്ങാന്‍ പോകുന്നതിനെയും നാം ആത്മീയമായി നേരിടണം. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍:

ദിവസത്തിലെ അനുഭവങ്ങള്‍ എന്തുമായിരുന്നുകൊള്ളട്ടെ, ആ അനുഭവങ്ങളുടെ പേരില്‍ ദൈവത്തിന് നന്ദി പറയുക. ഒരു വിശ്വാസി വിശ്വസിക്കേണ്ടത് ദൈവം അറിയാതെ തന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല എന്നാണ്. അതുകൊണ്ടുതന്നെ നിഷേധാത്മകമായ അനുഭവങ്ങളുടെ പേരില്‍ പോലും അവന് ദൈവത്തോട് നന്ദി പറയാതിരിക്കാനാവില്ല.

ഒരു ദിവസത്തിലെ സംഭവങ്ങളെ മുഴുവന്‍ ഓര്‍മ്മിക്കാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക. 24 മണിക്കൂറിലെ സംഭവങ്ങള്‍ പോലും നാം ചിലപ്പോള്‍ ഓര്‍മ്മിക്കണമെന്നില്ല. അതുകൊണ്ടാണ് ഓര്‍മ്മിക്കാനായി നാം പരിശുദ്ധാത്മാവിന്റെ സഹായം ചോദിക്കുന്നത്. പരിശുദ്ധാത്മാ വെളിച്ചത്താല്‍ നാം ഓരോ സംഭവങ്ങളെയും കാണുന്നതും വിലയിരുത്തുന്നതും തെറ്റുകള്‍ തിരുത്താനും ദൈവേഷ്ടപ്രകാരം പ്രവര്‍ത്തിക്കാനും ഏറെ സഹായകരമാകും.

നല്ല സംഭവങ്ങളുടെ പേരില്‍ ദൈവത്തിന് നന്ദിപറയുകയും ദൈവഹിതപ്രകാരമല്ലാതെ ചെയ്തവയുടെ പേരില്‍ അവിടുത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുക. നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് ഉളളില്‍ ഉറപ്പിച്ചുപറയുക.

മനസ്സ് ശുദ്ധമാക്കി, അസ്വസ്ഥവിചാരങ്ങളെ ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ച് ദൈവത്തിന്റെ മടിത്തട്ടിലാണ് തല ചായ്ക്കുന്നതെന്ന ഉറച്ചവിശ്വാസത്തോടെ കാവല്‍മാലാഖമാര്‍ കാവല്‍ നില്പ്പുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കുക.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web