സമാധാനത്തിന്റെ ജപമാല നിങ്ങള്‍ക്കറിയാമോ?

പരിശുദ്ധ മറിയം സമാധാനത്തിന്റെ രാജ്ഞി എന്നുള്ള ശീർഷകത്തോടെ മെജുഗോറിയയിൽ 1981 മുതൽ പ്രത്യക്ഷപെട്ടു കൊണ്ടിരിക്കുന്നു. അന്നു കുട്ടികളായിരുന്ന മാതാവിന്റെ ദർശകർക്ക് ജപമാലയും രഹസ്യങ്ങളും ധ്യാനിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി അമ്മ നൽകിയതാണ് സമാധാനത്തിന്റെ ജപമാല.
ഏഴു ദശകങ്ങളുള്ള ലളിതമായ ഒരു ജപമാല ആണിത്. ആദ്യം വിശ്വാസപ്രമാണം ചൊല്ലുക. തുടർന്ന് ഓരോ ദശകത്തിലും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ…, ഒരു നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വ സ്തുതി എന്ന ക്രമത്തിൽ ചൊല്ലി ഏഴു ദശകങ്ങളും അവസാനിപ്പിക്കുക. ഈ ജപമാല ചൊല്ലുന്നവർക്ക് പരിശുദ്ധ മറിയം ഹൃദയസമാധാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെജുഗോറിയയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം ഇത് സ്ഥിരമായി ചൊല്ലണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അവിടെ അത് ഇപ്പോഴും സ്ഥിരമായി ചൊല്ലുന്നുണ്ട്. ജോലി ചെയ്യുന്നതിനിടയിലും ഇത് എളുപ്പത്തിൽ ചൊല്ലാവുന്നതുകൊണ്ട് ‘വർക്കേഴ്സ് റോസറി’ എന്ന പേരിലും അറിയപ്പെടുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ എല്ലാ വ്യക്തികളുടെ കണ്ഠങ്ങളിൽ നിന്നും പ്രാർത്ഥന ഉയരേണ്ട സമയം ആയതുകൊണ്ട് പരിശുദ്ധ അമ്മ ഈ ജപമാല കുട്ടികളെ പഠിപ്പിക്കാനും മുതിർന്നവർ ജോലികൾക്കിടയിൽ ഈ ജപമാല ചൊല്ലാനും ആഹ്വനം ചെയ്തു. ജപമാല എത്ര കൂടുതൽ അർപ്പിക്കപ്പെടുന്നുവോ അത്ര അധികം ഈ ലോകം നന്മയിലേക്ക് കുതിക്കുന്നു എന്നാണ് മാതാവ് പറയുന്നത്.
മാതാവിന്റെ 7 വ്യാകുലങ്ങൾ ധ്യാനിച്ചും യേശുവിന്റെ 5 തിരുമുറിവുകളും തോളിലെ മുറിവും മുൾമുടി വച്ചപ്പോളത്തെ മുറിവും ഒന്നിച്ചു ധ്യാനിച്ചും ഈ ജപമാല ചൊല്ലാവുന്നതാണ്. തിന്മ നിറഞ്ഞ ഈ ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള ഈ പോരാട്ടത്തിൽ നമുക്കും അമ്മയോടൊപ്പം അണി ചേരാം..