ഈശോയോടുള്ള ലളിതവും സുന്ദരവുമായ ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലാമോ..?

 
 jesus christ-64

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സമയമില്ലെന്നോ തിരക്കാണെന്നോ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുന്നവരും ഒഴിവാക്കുന്നവരുമാണ് പലരും. എന്നാല്‍ എത്രതിരക്കുള്ളവര്‍ക്കും ഈശോയോട് പ്രാര്‍ത്ഥിക്കാവുന്ന ഏറ്റവും ലളിതവും സുന്ദരവുമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ശ്വാസതുടിപ്പു പോലെ നമ്മുടെ ഉള്ളില്‍ എപ്പോഴും നിറയേണ്ട ഒരു പ്രാര്‍ത്ഥനയാണ് ഇത്.

ഈശോയെ എന്നെ അങ്ങ് ഏറ്റെടുക്കണമേ.

ഇതാണ് ആ ഹ്രസ്വപ്രാര്‍ത്ഥന. ജീവിതത്തിലെ ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവരാണ് നാമെങ്കിലും ആ നിമിഷങ്ങളെയും നമ്മെതന്നെയും ഈശോയുടെ കരങ്ങളിലേക്ക് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഈശോയെ എന്നെ അങ്ങ് ഏറ്റെടുക്കണമേ..

ഇത് പൂര്‍ണ്ണമായ സമര്‍പ്പണമാണ്. ഒരു വ്യക്തി തന്നെത്തന്നെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കാന്‍ സന്നദ്ധനായിക്കഴിയുമ്പോള്‍ ആ വ്യക്തിയുടെ ജീവിതത്തെ ക്രിസ്തു ഏറ്റെടുക്കും. സന്തോഷമാണോ, സന്താപമാണോ പ്രയാസങ്ങളാണോ വെല്ലുവിളികളാണോ ക്രിസ്തു അതിന്റെയെല്ലാം ഒപ്പം നമുക്കുകൂടെ വരും. നമ്മുടെ എല്ലാ അവസ്ഥകളെയും ക്രിസ്തു ഏറ്റെടുക്കും. അപ്പോള്‍ നാം ഭാരങ്ങളോര്‍ത്ത് ഭാരപ്പെടുകയില്ല, സങ്കടങ്ങളോര്‍ത്ത് സങ്കടപ്പെടുകയില്ല. നമ്മുടെ ജീവിതം സന്തോഷഭരിതമാകും. നമ്മുടെ ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകും.

പരീക്ഷയെയോര്‍ത്ത്, ബിസിനസിലെ പരാജയമോര്‍ത്ത്, ജീവിതപങ്കാളിയുടെ കുറ്റപ്പെടുത്തലോര്‍ത്ത്, മക്കളുടെ വഴിതെറ്റലുകളോര്‍ത്ത്… നമുക്ക് ഒന്നിനെ പ്രതിയും വിഷമിക്കേണ്ട കാര്യമില്ല. അതുകൊണ്ട് നമുക്ക് എപ്പോഴും ഇങ്ങനെ പ്രാര്‍ത്ഥിക്കാം. ഈശോയേ എന്നെ അങ്ങ് ഏറ്റെടുക്കണമേ.

Tags

Share this story

From Around the Web