ഒരു ജോലിക്കായി അന്വേഷിക്കുന്നവരാണോ നിങ്ങൾ? പ്രാർഥിക്കാവുന്ന ഏഴ് സ്വർഗീയ മധ്യസ്ഥർ

നിങ്ങൾക്കോ നിങ്ങൾ സ്നേഹിക്കുന്ന ഒരാൾക്കോ ജോലി കണ്ടെത്തുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളെ സഹായിക്കാൻ സ്വർഗീയ മധ്യസ്ഥർ കൂട്ടിനുണ്ട്. അങ്ങനെയുള്ള ഏഴ് വിശുദ്ധരെ പരിചയപ്പെടാം.
1. വി. കജെറ്റാൻ
തൊഴിലില്ലാത്തവരുടെയും തൊഴിലന്വേഷകരുടെയും സ്വർഗീയ മധ്യസ്ഥനാണ് വി. കജെറ്റാൻ. ദരിദ്രരെ സഹായിക്കുന്നതിനുള്ള തന്റെ ആഴമായ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, ആവശ്യക്കാർക്ക് പലിശ രഹിത വായ്പകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇറ്റലിയിൽ ആദ്യത്തെ പൊതു ബാങ്ക് സ്ഥാപിച്ച ഒരു ഇറ്റാലിയൻ പുരോഹിതനായിരുന്നു അദ്ദേഹം.
ജോലി കണ്ടെത്താൻ ആളുകളെ സഹായിച്ചതിനാൽ, ജോലി കണ്ടെത്തുന്നതിനുള്ള സഹായത്തിനും തൊഴിലില്ലായ്മ നേരിടാനുള്ള ശക്തിക്കും ധൈര്യത്തിനും വേണ്ടി വിശുദ്ധന്റെ മാധ്യസ്ഥം യാചിക്കാം.
2. കുരിശിലെ വിശുദ്ധ തെരേസ ബെനഡിക്റ്റ
വിശുദ്ധ എഡിത്ത് സ്റ്റെയിൻ എന്നും അറിയപ്പെടുന്ന ഈ 20-ാം നൂറ്റാണ്ടിലെ വിശുദ്ധ യഹൂദമതത്തിൽ നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിയാണ്. കർമ്മലൈറ്റ് സഭയിലേക്കുള്ള പ്രവേശനം, ഓഷ്വിറ്റ്സിലെ ധീരമായ രക്തസാക്ഷിത്വം എന്നിവയിലൂടെയാണ് ഈ വിശുദ്ധ കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണൽ ജോലിയുടെയും ശക്തമായ വക്താവായിരുന്നു അവർ.
വിശുദ്ധ ഒരിക്കൽ ഇങ്ങനെ എഴുതി: “… ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയാത്ത ഒരു തൊഴിലുമില്ല. അങ്ങനെ ഏറ്റവും വൈവിധ്യമാർന്ന പ്രൊഫഷണൽ വിഷയങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം മുഴുവൻ സമൂഹത്തിനും ഒരു അനുഗ്രഹമാകാം.”
3. വി. യൗസേപ്പിതാവ്
തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിതാവ് ഒരു മരപ്പണിക്കാരനായി ജോലി ചെയ്യുകയും യേശുവിനെ തന്റെ തൊഴിൽ പഠിപ്പിക്കുകയും ചെയ്തു. നിങ്ങൾ ജോലി അന്വേഷിക്കുന്നവരാണോ? എങ്കിൽ യൗസേപ്പിതാവിനോട് മാധ്യസ്ഥം വഹിക്കാം.
4. വി. ജിയാന മൊല്ല
വിവാഹം കഴിച്ച് കുട്ടികളുണ്ടായതിനുശേഷം, ഒരു ഡേകെയറിന്റെയും പ്രസവ കേന്ദ്രത്തിന്റെയും ആരോഗ്യ ഡയറക്ടറായും സ്കൂൾ ഡോക്ടറായും സേവനമനുഷ്ഠിച്ചതുൾപ്പെടെ, വി. ജിയാന തന്റെ മെഡിക്കൽ ജീവിതം തുടർന്നു. ഭാര്യയും അമ്മയും എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടൊപ്പം ഡോക്ടർ എന്ന ജോലിയും സന്തുലിതമായി കൊണ്ടുപോയി.
ജോലിക്കാരായ അമ്മമാരുടെ അനൗദ്യോഗിക രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന വി. ജിയാന, ജോലി ചെയ്യുന്ന അമ്മമാരുടെയും എപ്പോഴെങ്കിലും അമ്മമാരാകാൻ ആഗ്രഹിക്കുന്ന കരിയർ ഉള്ള സ്ത്രീകളുടെയും ഹൃദയങ്ങളോട് വളരെ അടുത്താണ്. അവളുടെ പ്രാർത്ഥനകൾ ചോദിക്കാൻ മടിക്കരുത് – തീർച്ചയായും ഈ തിരക്കുള്ള ഡോക്ടർ നിങ്ങളുടെ സാഹചര്യം മനസ്സിലാക്കുകയും വേഗത്തിൽ ഇടപെടുകയും ചെയ്യും!
5. വി. യൂദാ തദേവൂസ്
‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ’ എന്നാണ് വി. യൂദാ തദേവൂസ് അറിയപ്പെടുന്നത്. നിങ്ങൾ വളരെക്കാലമായി ജോലി അന്വേഷിക്കുകയും പ്രതീക്ഷ നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്താൽ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.
6. വി. സെലി മാർട്ടിൻ
വിശുദ്ധ സെലി മാർട്ടിൻ ഒരു സംരംഭകയായിരുന്നു, കഴിവുള്ള ഒരു ലേസ് നിർമ്മാതാവ് എന്ന നിലയിലുള്ള തന്റെ ജോലിയും വി. കൊച്ചുത്രേസ്യാ ഉൾപ്പെടെ ഒമ്പത് കുട്ടികളെ വളർത്തുന്നതിനൊപ്പം ഒരു ബിസിനസ്സ് നടത്തുകായും ചെയ്തു. ബിസിനസ്സ് നടത്താൻ സഹായിക്കുന്നതിനായി അവരുടെ ഭർത്താവ് സ്വന്തം കരിയർ ഉപേക്ഷിച്ചു.
ജോലി ചെയ്യുന്ന അമ്മമാർ, സംരംഭകർ, ബിസിനസ്സ് മാനേജ്മെന്റ് എന്നീവർക്കും ജോലി അന്വേഷിക്കുന്നവർക്കും വിശുദ്ധ ഒരു മികച്ച മധ്യസ്ഥയാണ്. അവരുടെ വിശുദ്ധ ഭർത്താവിനോടും മക്കളോടും മാധ്യസ്ഥം വഹിക്കാം.
7. വി. അന്തോണീസ്
വസ്തുക്കൾ കണ്ടെത്തുന്നതിന്റെ മദ്ധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്, അതിനാൽ തൊഴിൽ കണ്ടെത്തുന്നതിന് ഇതിലും നല്ലൊരു മധ്യസ്ഥനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. കാര്യങ്ങൾ വേഗത്തിൽ കണ്ടെത്താൻ അദ്ദേഹത്തിന് അറിയാം!
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ
കടപ്പാട് ലൈഫ് ഡേ