കൂട്ടുകാരെ കണ്ട് പാപ്പ ചിരിച്ചു; വത്തിക്കാനിൽ വികാരാധീനമായ 'സ്കൂൾ റീയൂണിയൻ'
ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയെ കാണാൻ സ്കൂൾ പഠനകാലത്തെ പഴയ സഹപാഠികളെത്തി. മാർച്ച് 18 ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷമായിരുന്നു ഈ ഹൃദ്യമായ ഈ കൂടിക്കാഴ്ച നടന്നത്.
ഇല്ലിനോയിലെ റിവർഡെയ്‌ലിലുള്ള സെന്റ് മേരീസ് സ്കൂളിൽ നിന്ന് പത്തംഗ സംഘമാണ് തങ്ങളുടെ പഴയ സഹപാഠിയെ കാണാൻ റോമിലെത്തിയത്. വെറും കൈയോടെയല്ല അവർ എത്തിയത്. 14 വയസ്സു തികയുന്നതിന് മുൻപുള്ള ബാലനായ റോബർട്ട് പ്രെവോസ്റ്റിന്റെ ഫോട്ടോ അടങ്ങിയ ഒരു പോസ്റ്ററും അവർ കരുതിയിരുന്നു.
തങ്ങളോടൊപ്പം പഠിച്ചു വളർന്നയാൾ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായതിന്റെ സന്തോഷം സഹപാഠികൾ പങ്കുവച്ചു. കുട്ടിക്കാലത്തെ ഫോട്ടോ കണ്ട മാർപാപ്പ ഏറെ സന്തോഷവാനാവുകയും സഹപാഠികളോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പഴയ സഹപാഠികളുമായി നടത്തിയ കൂടിക്കാഴ്‌ച വൈകാരികമായ നിമിഷങ്ങൾക്കാണ് വഴിയൊരുക്കിയത്.
ഔദ്യോഗിക തിരക്കുകൾക്കിടയിലും തന്റെ ബാല്യകാല സുഹൃത്തുക്കൾക്കായി സമയം ചെലവഴിക്കാൻ പാപ്പ മറന്നില്ല.