യൂറോപ്പിന്റെ ക്രിസ്തീയത വീണ്ടെടുക്കുവാനുള്ള ആത്മീയ നവീകരണ പദ്ധതി മാർപാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍

റോം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയ വിശ്വാസം വീണ്ടെടുക്കുന്നതിന് തയാറാക്കിയ ആത്മീയ നവീകരണ പദ്ധതി മാർപ്പാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍. ഫെർണാണ്ടോ മോസ്‌കാർഡോ, സുഹൃത്ത് പട്രീഷ്യ എന്നിവരാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി ലെയോ പാപ്പയ്ക്കു ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഗ്രന്ഥം സമര്‍പ്പിച്ചത്.
"റോം '25-ദി വേ ഓഫ് സെന്റ് ജെയിംസ് '27 - ജെറുസലേം '33" എന്ന തലക്കെട്ടിലുള്ള പദ്ധതി ഇരുപത്തിരണ്ടുകാരനായ ഫെർണാണ്ടോ മോസ്കാർഡോയുടെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്.
തീർത്ഥാടനങ്ങൾ, സുവിശേഷവൽക്കരണം, രോഗശാന്തി എന്നിവയിലൂടെ "മറ്റൊരു യൂറോപ്പ് സാധ്യമാണ്" എന്ന് ലോകത്തോട് പറയുവാനാണ് ഈ പദ്ധതിയിലൂടെ യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരിശുദ്ധ പിതാവിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, യുവ സ്പാനിഷ് മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ഫെർണാണ്ടോ സന്തോഷം പ്രകടിപ്പിച്ചു. പാപ്പയ്ക്കും ഞങ്ങള്‍ക്കും ഈ നിമിഷം അത്യധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്നും ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്, അതിശയകരമായ കാര്യമാണെന്നും സിഎൻഎയുടെ സ്പാനിഷ് ഭാഷാ വാർത്താ പങ്കാളിയായ എസിഐ പ്രെൻസയോട് ഫെർണാണ്ടോ പറഞ്ഞു.