"ജി. സുധാകരനെ 'ചെറ്റ'യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്"; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

 
pinaray vijayan

ഇടുക്കി: ജി.സുധാകരന് എതിരെ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജി.സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല. രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്. ചെറ്റത്തരം എന്ന വാക്ക് എന്ന് മുതലാണ് അണ്‍പാര്‍ലമെന്ററി ആയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വി.ഡി. സതീശന്‍ ഉയര്‍ത്തിയ ഡീല്‍ ആരോപണം വിചിത്രമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പാലക്കാട് മുസ്ലീം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണോ പ്രശ്‌നം. ഒരു ഘട്ടത്തിലും ഇടതുപക്ഷം ആര്‍എസ്എസിനൊപ്പം ചേര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജി. സുധാകരനെ ചെറ്റ എന്ന് വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ വിളിച്ചിട്ടില്ല. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍ എന്നാണ് പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ചെറ്റകള്‍ ആണെന്നാണോ അതിന്റെ അര്‍ഥം? ഞങ്ങള്‍ സാധാരണ പറയുന്നതല്ലേ അത്. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് തന്നെ പറയില്ലേ... അതിന്റെ അര്‍ഥം അയാളെ ചെറ്റ എന്ന് വിളിച്ചുവെന്നാണോ? പേര് മാറ്റി വിളിച്ചുവെന്നാണോ? അയാളെ വ്യക്തിപരമായി പേരുവിളിച്ച് ആക്ഷേപിച്ചുവെന്നാണോ?,' മുഖ്യമന്ത്രി വിശദീകരിച്ചു.

Tags

Share this story

From Around the Web