കേരളം വെന്തുരുകുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും കൊല്ലത്തും ചൂട് 38 ഡിഗ്രി കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നാണ് റിപ്പോർട്ട്.
ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയ്ക്കൊപ്പം വായുവിൽ ഈർപ്പത്തിന്റെ അളവ് (Humidity) കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും (Heat exhaustion) സാധ്യതയുണ്ട്. അന്തരീക്ഷം വല്ലാതെ ചൂടുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഉച്ചസമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.