കേരളം ചുട്ടുപൊള്ളുന്നു, സീസണിലെ റെക്കോർഡ് ചൂട് പാലക്കാട്ട്, 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് അസഹനീയമാകുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി; 39.8 ഡിഗ്രി സെൽഷ്യസ്. കഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് പുതിയ മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെലിഷ്യസ് വരെയും താപനില ഉയരാം എന്നും മുന്നറിയിപ്പുണ്ട്.
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും (Humidity) ചേരുന്നതിനാൽ ശാരീരികമായ അസ്വസ്ഥതകൾക്കും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ഒപ്പുവെള്ളമോ ഫ്രൂട്ട് ജ്യൂസുകളോ ശീലമാക്കുക.