“എവിടെയായിരുന്നാലും മഹത്തായ കാര്യങ്ങൾക്കായി, വിശുദ്ധിക്കായി, അഭിലഷിക്കുക”: യുവജന ജൂബിലിയുടെ സമാപന ദിവ്യബലിയിൽ പാപ്പ

“നിങ്ങൾ എവിടെയായിരുന്നാലും മഹത്തായ കാര്യങ്ങൾക്കായി, വിശുദ്ധിക്കായി, അഭിലഷിക്കുക,” ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവ്യബലിയിൽ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ടോർ വെർഗറ്റയിലെ വിശാലമായ മൈതാനത്ത് തടിച്ചുകൂടിയ 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള പത്തുലക്ഷത്തോളം തീർഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ.
“നിങ്ങൾ എവിടെയായിരുന്നാലും മഹത്തായ കാര്യങ്ങൾക്കായി, വിശുദ്ധിക്കായി, അഭിലഷിക്കുക. കുറഞ്ഞതിൽ തൃപ്തിപ്പെടരുത്. അപ്പോൾ സുവിശേഷത്തിന്റെ വെളിച്ചം നിങ്ങളുടെ ഉള്ളിലും നിങ്ങളുടെ ചുറ്റിലും അനുദിനം വളരുന്നത് നിങ്ങൾ കാണും,” പാപ്പ തന്റെ സന്ദേശത്തിൽ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
യുവജന ജൂബിലിയുടെ സമാപനത്തിൽ പാപ്പ അനുഗ്രഹം നൽകുന്നതിനുമുമ്പായി യുവജനങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ചു: “പ്രത്യാശയുടെ കന്യകയായ മറിയത്തിന് ഞാൻ നിങ്ങളെ ഭരമേൽപ്പിക്കുന്നു. അവളുടെ സഹായത്തോടെ, വരും ദിവസങ്ങളിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിങ്ങൾ നിങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ, രക്ഷകന്റെ കാൽച്ചുവടുകളിൽ സന്തോഷത്തോടെ നടക്കുന്നത് തുടരുക, നിങ്ങളുടെ വിശ്വാസത്തിന്റെ ആവേശവും സാക്ഷ്യവും നിങ്ങൾ കണ്ടുമുട്ടുന്നവരുമായി പങ്കിടുക. ശുഭയാത്ര!” സമാപന സന്ദേശത്തിൽ പാപ്പ പറഞ്ഞു.