ലോക യുവജന ദിനം, സിയോളിലെ ചാപ്പലിൽ വി. കാർലോയുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചു
 

 
222

2027 ലെ ലോക യുവജന ദിനത്തോടനുബന്ധിച്ച് സിയോൾ പ്രാദേശിക സംഘാടക സമിതിയുടെ ഓഫീസ് ചാപ്പലിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ലോക യുവജന ദിന സമ്മേളനത്തിന്റെ സ്വർഗീയ മധ്യസ്ഥരിൽ ഒരാളാണ് വിശുദ്ധ കാർലോ.

2027 ൽ ദശലക്ഷക്കണക്കിന് യുവജനങ്ങളായിരിക്കും സിയോൾ നഗരത്തിലെത്തുന്നത്. സെപ്റ്റംബർ 17 ന് ആയിരുന്നു തിരുശേഷിപ്പിന്റെ പ്രതിഷ്ഠ നടന്നത്. 2006-ൽ 15 വയസ്സുള്ളപ്പോൾ രക്താർബുദം ബാധിച്ച് മരണമടഞ്ഞ വിശുദ്ധൻ സെപ്റ്റംബർ ഏഴിനാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

ദക്ഷിണ കൊറിയൻ പ്രസിദ്ധീകരണമായ കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും പീസ് ന്യൂസ്‌പേപ്പറും വി. കാർലോയെ ലോക യുവജന ദിനത്തിന്റെ രക്ഷാധികാരികളിൽ ഒരാളായി നാമകരണം ചെയ്തതായി പ്രഖ്യാപിച്ചു.

തിരുശേഷിപ്പുകളുടെ പ്രതിഷ്ഠയെ തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ സിയോളിലെ സഹായമെത്രാനായ ജോബ് യോ-ബി കൂ തന്റെ പ്രസംഗത്തിൽ, ദിവ്യകാരുണ്യത്തോടുള്ള വിശുദ്ധന്റെ മാതൃകയും മനോഭാവവും എല്ലാവർക്കും പിന്തുടരാവുന്ന ഒന്നാണെന്ന് പറഞ്ഞു.

വി. കാർലോയുടെ തിരുശേഷിപ്പുകൾ കാണുവാനും മാധ്യസ്ഥം തേടുവാനും ആഗ്രഹിക്കുന്നവർക്ക് മാസത്തിൽ മൂന്ന് തവണ നടക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കാമെന്ന് ലോക യുവജന ദിന സംഘാടക സമിതിയുടെ പ്രസ്താവനയിൽ പറഞ്ഞു.

2027 ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച് ഓഗസ്റ്റ് എട്ടുവരെയാണ് ആഗോള യുവജന സമ്മേളനം സൗത്ത് കൊറിയയിലെ സിയോളിൽ നടക്കുന്നത്. ക്രൈസ്തവർ ന്യൂനപക്ഷമായ ഒരു രാജ്യം ആഗോള യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്.

Tags

Share this story

From Around the Web