’ക്രിസ്തു എന്റെ ജീവനും പരിശുദ്ധ മറിയം എന്റെ അമ്മയും’ വിശ്വാസ സാക്ഷിയായി ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസക്ക്

ലണ്ടന്‍: ‘യേശുക്രിസ്തു എന്റെ ജീവനാണ്’, പരിശുദ്ധ കന്യകാമറിയം എന്റെ അമ്മയും,’ ജൂലൈ 19 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ബോക്‌സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ഡുബോയിസിനെ പരാജയപ്പെടുത്തിയ ഉക്രെയ്ന്‍ സ്വദേശിയായ ഒലെക്‌സാണ്ടര്‍ ഉസക്ക് പറഞ്ഞ വാക്കുകളാണിത്.
മത്സരങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്ത ഉസക്ക്, വിജയത്തിന് ശേഷം നല്‍കിയ ഒരു ഇന്റര്‍വ്യൂയിലാണ് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്.
യേശുവിനോടും മറിയത്തോടും താന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നതായി മത്സരശേഷം ഒലെക്‌സാണ്ടര്‍ പറഞ്ഞു. ഉസക്കിന് ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന ഏക ചാമ്പ്യന്‍ഷിപ്പായ ഐബിഎഫ് ബെല്‍റ്റ് കൂടെ സ്വന്തമാക്കിയതോടെ ബോക്‌സിംഗിലെ കായിക ഇതിഹാസം എന്ന നിലയില്‍ അദ്ദേഹത്തിന്റെ പദവി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ഉസക്ക് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ്. ബോക്‌സിംഗിലെ നേട്ടങ്ങളൊക്കെ താല്‍ക്കാലികമാണെന്നും എന്നാല്‍ യഥാര്‍ത്ഥ ഭാവി സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും രാവിലെയും രാത്രിയും പ്രാര്‍ത്ഥിക്കാറുണ്ടെന്നും സഭയുടെ പാരമ്പര്യമനുസരിച്ചുള്ള ഉപവാസം അനുഷ്ഠിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.