സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് 20ഓളം അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്തു; മുറിക്കുള്ളില്‍ രക്തക്കറ, ലേഡീസ് ബാഗ്, വസ്ത്രങ്ങൾ, കൊന്ത.

 
sebastian

ദുരൂഹസാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവത്തില്‍ പ്രതിയെന്ന്​ സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ (68) വീട്ടുവളപ്പിൽനിന്ന്​​ 20ഓളം അസ്ഥികള്‍ കണ്ടെടുത്തു. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.

ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, വാരനാട് വെളിയിൽ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.

മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കർ പുരയിടത്തിലെ വീടിന്റെ പിന്നിലെ കാട് വെട്ടിത്തെളിച്ച് കുഴിയെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തിന്റെ സമീപത്തുനിന്ന്​ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.

കഴിഞ്ഞ ഡിസംബറിൽ കാണാതായ ജെയ്നമ്മയെക്കുറിച്ച അന്വേഷണമാണ്​ സെബാസ്റ്റ്യനിലെത്തിച്ചത്​. ഇവരുമായി ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചതിനെ തുടർന്നാണ്​ കോട്ടയം ക്രൈംബ്രാഞ്ച്​ യൂനിറ്റ്​ ഇയാ​ളെ കസ്റ്റഡിയിലെടുത്തത്​. ജെയ്നമ്മ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ്​ അന്വേഷണം പള്ളിപ്പുറത്തേക്ക്​ എത്തിയത്​.

ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്​ ഇയാൾ സമ്മതിച്ചിട്ടുള്ളത്​. ഇതിനിടെ, ചേർത്തല ഭാഗത്തുനിന്ന്​ 2006നുശേഷം കാണാതായ മറ്റ്​ ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാൾക്ക്​ പങ്കുണ്ടോയെന്ന സംശയത്തിലാണ്​ അ​ന്വേഷണം മുന്നോട്ടുപോകുന്നത്​. ഭാര്യയുമായി ഏറ്റുമാനൂരിൽ താമസിക്കുന്നതിനിടെയാണ്​ ജെയ്നമ്മയുമായി സെബാസ്റ്റ്യൻ അടുപ്പത്തിലായത്​.

തിങ്കളാഴ്ച ഉച്ചക്കാണ്​ വന്‍ പൊലീസ് സന്നാഹത്തോടെ പ്രതിയെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചത്. അടഞ്ഞുകിടക്കുന്ന ഈ വീട്ടിൽ ഇയാൾ വല്ലപ്പോഴുമാണ്​ എത്തിയിരുന്നത്​. തെളിവെടുപ്പിനു മുന്നോടിയായി വീടിന്റെ പിന്നിലുള്ള കുളം വറ്റിക്കാനും കുഴിയെടുക്കാനും ക്രൈംബ്രാഞ്ച്​ സംഘം ഏര്‍പ്പാട്​ ചെയ്തിരുന്നു.

സെബാസ്റ്റ്യനെ വീടിനകത്തിരുത്തി വിവരം ചോദിച്ചറിഞ്ഞതിനുശേഷമാണ് കാടുകള്‍ വെട്ടിത്തെളിക്കാന്‍ ആരംഭിച്ചത്. കുളത്തിന്റെ സമീപപ്രദേശങ്ങളില്‍ തെളിച്ചതിനുശേഷം സെബാസ്റ്റ്യന്‍ പറഞ്ഞ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇത് പരിശോധനക്കായി ശേഖരിച്ചു. വീടിന്റെ ചില ഭാഗങ്ങളിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തി.

പൊലീസിന്റെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിനായി പ്രത്യേക പരിശീലനം നേടിയ കെഡവർ ഇനം നായെയാണ് എത്തിച്ചത്. സെബാസ്റ്റ്യന്റെ പുരയിടത്തില്‍നിന്ന്​ എല്ലിന്റെയും വസ്ത്രങ്ങളുടെയും മണംപിടിച്ച നായ്​ വീടിന്റെ പിന്നിലുള്ള പൊളിഞ്ഞുവീഴാറായ കെട്ടിടത്തിലും വീട്ടുവളപ്പിൽതന്നെയുള്ള കുളത്തിലും എത്തി.

വീടിന്റെ പരിസരത്തും മണംപിടിച്ചു നിന്നതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ വാഹനം ഉപയോഗിച്ച് കുളം വറ്റിച്ചു. കുളത്തില്‍നിന്ന്​ സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം പരിശോധനക്കായി കസ്റ്റഡിയിൽ ഏറ്റെടുത്തു. തുടര്‍ന്ന് പുരയിടത്തിനുസമീപമുള്ള തോടും മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചു.

അവിടെ ഒന്നും കാണാതായതോടെ വീടിനകത്ത് പുതുതായി സ്ഥാപിച്ച ഗ്രാനേറ്റ് പാകിയ തറയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. രാത്രിയിലും പരിശോധന തുടർന്നു. ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാകുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട്​ കൊലപാതകങ്ങളുടെ ചുരുളുകള്‍ അഴിയുന്നത്.

Tags

Share this story

From Around the Web