സ്ത്രീകളുടെ സ്തനങ്ങൾ കത്തോലിക്ക സഭ പിഴുതെടുത്തു, പെൺകുട്ടികളുടെ മൊഴിമാറ്റിയത് കമ്യൂണിസ്റ്റുകാർ- ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് കെ.പി. ശശികല, ആർ.വി. ബാബു അടക്കമുള്ള സംഘ്‍പരിവാർ നേതാക്കൾ ക്രൈസ്തവർക്കെതിരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളും ആരോപണങ്ങളും ഭീഷണികളും തുടരുന്നു.
കന്യാസ്ത്രീകൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടികളുടെ മൊഴിമാറ്റിയത് കമ്യൂണിസ്റ്റുകാരാണെന്നും രാഷ്ട്ര ശത്രുക്കൾ ഒരുമിച്ചു തന്നെയാണെന്നും ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ.പി. ശശികല ആരോപിച്ചു.
‘രാഷ്ട്ര ശത്രുക്കൾ ഒരുമിച്ചു തന്നെ. ആ പാവം കുട്ടികളുടെ അവസ്ഥ കഷ്ടം തന്നെ. പ്രത്യേകസാമൂഹ്യ പരിരക്ഷ കിട്ടേണ്ടവരാണവർ. കഞ്ചാവും പെണ്ണുമായി ആറാടി നടക്കുന്നവനെ ആ പരിരക്ഷയിൽ പൊതിഞ്ഞു പിടിക്കാൻ വെമ്പി യവരാണ് ഈ കുട്ടികൾക്ക് അത് നിഷേധിച്ചത്. ആദിവാസിക്ക് വിലയിടുന്നത് സഭ ഒറ്റക്കല്ല’ -ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
മതംമാറ്റം തടയാൻ ബജ്രംഗ് ദൾ നേതാവ് ജ്യോതിശർമ്മയെ പോലുള്ളവർ ഗ്രാമഗ്രാമാന്തരങ്ങളിൽ വളർന്നുവരണമെന്നും ശശികല ആവശ്യപ്പെട്ടു. ‘മതംമാറ്റം തടയാൻ പോലീസ്, കോടതി, ഭരണ സംവിധാനം, രാഷ്ട്രീയക്കാർ ഇവരെ ഒന്നും നമ്പാൻ പറ്റില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.
മാലിന്യ സംസ്കരണം ഉറവിടങ്ങളിൽ തന്നെ എന്ന പോലെ പ്രാദേശികമായ ശ്രദ്ധയും ചെറുത്തു നില്പും മാത്രമേ ഇനി കരണീയമായിട്ടുള്ളു എന്ന തിരിച്ചറിവിൽ സ്വയം ജ്യോതി ശർമ്മമാരാകുക. ജ്യോതി ശർമ്മമാരെ പ്രോത്സാഹിപ്പിക്കുക, പിന്തുണക്കുക’ -ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇതുകൂടാതെ, കത്തോലിക്ക സഭ പതിനാറാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ 250 വർഷക്കാലം ഗോവയിൽ കണ്ണില്ലാത്ത ക്രൂരത നടത്തിയതായും ശശികല പറയുന്നു.
ബ്രെസ്റ്റ്റിപ്പർ എന്ന പേരിൽ ഒരുപകരണത്തിനെറ ചിത്രം പങ്കുവെച്ചാണ് ഈ ആരോപണം. ‘ചിത്രത്തിൽ കാണുന്നത് ബ്രെസ്റ്റ്റിപ്പർ. അതായത് മതം മാറാൻ വിസമ്മതിക്കുന്നവരും മതം മാറിയിട്ടും രഹസ്യമായി പഴയ ദൈവങ്ങളെ ആരാധിക്കുന്നവരും ആയ സ്ത്രീകളെ പിടിച്ച് അവരുടെ സ്തനങ്ങൾ പിഴുതെടുക്കാൻ ഉപയോഗിക്കുന്ന ചവണ.
ഇതുപോലെ അൽപാൽപമായി പ്രഷർ കൊടുത്ത് കാല്മുട്ടിലെ ചിരട്ട തകർക്കുന്ന ഉപകരണം, പണിയെടുത്തു ജീവിക്കാൻ കഴിയാതിരിക്കാൻ കയ്യിലെ തള്ളവിരൽ തകർക്കുന്ന ഉപകരണം. ആണികളുള്ള റോളറുകൾ ഘടിപ്പിച്ച ബെഞ്ചിൽ ഉരുട്ടുക, തലകീഴായി കെട്ടി തൂക്കി അറക്കവാൾ കൊണ്ട് രണ്ടായി അറുക്കുക.
മുഖത്ത് ഒരു മാസ്‌ക് വെച്ച് ആ മാസ്കിന്റെ കണ്ണിന്റെ ഭാഗത്തുള്ള സ്ക്രൂ മുറുക്കി വളരെ സാവധാനം കണ്ണുകൾ കുത്തി പൊട്ടിക്കുക. കഴുത്തിൽ ഒരു സ്ക്രൂ സംവിധാനം മുറുക്കി കശേരുക്കൾ തകർക്കുക. അങ്ങനെ ഡസൻ കണക്കിന് കൊടിയ പീഡന ഉപകരണങ്ങൾ....
ഇമ്മാതിരി പീഡനം നടത്തി അവിശ്വാസികളെ ശിക്ഷിച്ചു മതം മാറ്റണം എന്ന പദ്ധതി രൂപീകരിച്ച പുരോഹിതൻ ഇന്ന് വാഴ്തപ്പെട്ടവനാണ്. ആ പുരോഹിതന്റെ പേരിൽ ഇവിടെ ദേവാലയങ്ങളുണ്ട്. കൃത്യമായി ക്രിസ്ത്യൻ പുരോഹിതരുടെ മേൽനോട്ടത്തിലാണ് ഓരോ ഇരകളും ഈ ഉപകരണങ്ങൾ വെച്ച് കൊല്ലാക്കൊല ചെയ്യപ്പെട്ടിരുന്നത്. വ്യാജമാണ് എന്ന വാദം വിലപ്പോവില്ല. കാരണം കത്തോലിക്കർ ലോകം മുഴുവനും ഇൻക്വിസിഷന് ഉപയോഗിച്ചിരുന്ന ഇത്തരം പീഡന ഉപകരണങ്ങൾ ഇപ്പോഴും പല മ്യൂസിയങ്ങളിലും ഉണ്ട്.
ഐസിസ് തോറ്റു പോകുന്ന അക്കാലത്തെ പീഡനം ഭയന്ന് പലായനം ചെയ്തവർ ഇന്നും കേരളത്തിലും കര്ണാടകത്തിലും മഹാരാഷ്ട്രയിലും ഒക്കെയുണ്ട്. വ്യക്തിപരമായ മതവും, വിശ്വാസവും ഒക്കെ ആർക്കും ആവാം. ഭൂതകാലത്തിലെ ഇത്തരം നിഷ്ടൂരമായ നൃശംസതക്ക് പശ്ചാത്താപവും തിരുത്തലും വേണമെന്നുണ്ടെങ്കിൽ അതും ആവാം. പക്ഷേങ്കി... കത്തോലിക്കൻ സായിപ്പന്മാർ കപ്പല് കേറി വന്നില്ലായിരുന്നെങ്കിൽ നമ്മളൊക്കെ ഇവിടെ ഇപ്പഴും കോണകാമുടുത്തു നടന്നേനെ എന്നൊക്കെ മീഡിയായിലോ കവലയിലോ പുലമ്പാൻ നിന്നാൽ ഈ പൈശാചിക ഭൂതകാലത്തിനും മറുപടി പറയേണ്ടിവരും’ -ശശികല പറഞ്ഞു.
ബ്രെസ്റ്റ് റിപ്പർ എന്നത് മധ്യകാലഘട്ടത്തിലെ യൂറോപ്പിൽ, പ്രത്യേകിച്ച് ഇൻക്വിസിഷൻ കാലഘട്ടത്തിൽ സ്ത്രീകളെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നുവെന്നും ഇവർ വിശദീകരിക്കുന്നു. ‘ഇത് സ്ത്രീകളുടെ സ്തനങ്ങൾ വലിച്ചു കീറാൻ രൂപകൽപ്പന ചെയ്ത ഒരു ഇരുമ്പ് ഉപകരണമാണ്. സാധാരണയായി, ചൂടാക്കിയ ശേഷമാണ് ഇത് ഉപയോഗിച്ചിരുന്നത്.
മതപരമായ കുറ്റകൃത്യങ്ങൾ, മന്ത്രവാദം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന സ്ത്രീകളെ ശിക്ഷിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്. കത്തോലിക്കാ സഭയുടെ അധികാരപരിധിയിലുണ്ടായിരുന്ന ഇൻക്വിസിഷൻ കോടതികളാണ് ഇത്തരം ക്രൂരമായ പീഡനമുറകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഈ ഉപകരണം 'സ്‌പൈഡർ' (The Spider) എന്നും അറിയപ്പെട്ടിരുന്നു. ഇത് ഉപയോഗിച്ചുള്ള പീഡനം അതിക്രൂരമായ ഒന്നായിരുന്നു. ഈ ഉപകരണത്തിന്റെ ചിത്രങ്ങളും മാതൃകകളും ചില മ്യൂസിയങ്ങളിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്’ -ശശികല പറഞ്ഞു.
കേസു പിൻവലിക്കുന്നതും നിയമനടപടികൾ അവസാനിപ്പിക്കുന്നതും നമ്മുടെ നീതിന്യായവ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നതിന് സമമാണെന്നും ഇവർ ആരോപിച്ചു. ‘കുമാർ ജി, സെൻകുമാർ, സുരേന്ദ്രൻ എന്നിവരോടൊപ്പം ഞാനും ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ആയിരത്തിനടുത്ത് കേസുകളിൽ പ്രതികളാണ് കേസിനാസ്പദമായ സംഗതി നടന്ന ഒരു സ്ഥലത്തു പോലും ഞങ്ങളാരും ഉണ്ടായിട്ടില്ല.
ഓരോ കേസായി കീഴ്ക്കോടതിയിൽ വിളിച്ച് ഹൈക്കോടതിയിലെത്തി തള്ളിപ്പിച്ച് മൊത്തം ഒമ്പതോളം കേസു മാത്രമാണ് 7 വർഷമായിട്ട് ഇതുവരെ ക്വാഷ് ചെയ്തിട്ടുള്ളത്. ലോകത്ത് ഒരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇത്രയധികം കേസുകൾ വ്യക്തികൾക്കുമേൽ ചാർത്തിയ മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ടോ?
ഒരു സ്ത്രീക്കുമേൽ ഏറ്റവുമധികം കേസുകൾ ചാർജ്ജു ചെയ്ത world Record ഉം എനിക്കാകും. ഇന്ന് പാവപ്പെട്ട കന്യാസ്ത്രീകൾ എന്ന് സംഗതിയും സാധനവും ഒപ്പിച്ച് പാടുന്നവരോട് ഒരു ചോദ്യം! ഞാനടക്കം മേല്പറഞ്ഞവരെല്ലാം ആളെ കൊന്നിട്ടുള്ളവരാണോ?
മോഷ്ടാക്കളാണോ ? ഗുണ്ടകളാണോ? മതം മാറ്റം നടത്തുന്നവരാണോ? ഞങ്ങളുടെ നിയമ നടപടികൾ ഒഴിവാക്കിത്തരാൻ ഞങ്ങളാരുടേയും കാലു ഇതുവരെ പിടിച്ചിട്ടില്ല. നാളെ പിടിക്കുകയുമില്ല. ഒരു GodFather ഉം ഞങ്ങളുടെ രക്ഷക്ക് നാളിതുവരെ എത്തിയിട്ടുമില്ല. എത്തുമെന്നൊട്ട് പ്രതീക്ഷിച്ചുമല്ല. ഞങ്ങൾ പോരാടിയത്’