ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഇറാനിൽ യുവതിക്ക് അഞ്ച് വർഷം തടവ്; അർബുദബാധിതനായ ഭർത്താവിനും ശിക്ഷ
ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇറാനിയൻ യുവതിക്ക് ഇറാൻ ഭരണകൂടം അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. നായേരെ അർജനേഹ് (Nayereh Arjaneh) എന്ന യുവതിയാണ് ഡിസംബർ 23 മുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇവരുടെ ഭർത്താവും ക്രൈസ്തവനുമായ ഖാസിം ഇസ്മായിലിക്കും (Qasem Esmaili) കോടതി മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ പ്രബോധനങ്ങൾ പ്രചരിപ്പിച്ചു, സയണിസ്റ്റ് ക്രിസ്ത്യൻ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകി തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. രണ്ട് കുറ്റങ്ങൾക്കും അഞ്ച് വർഷം വീതം തടവ് വിധിച്ചെങ്കിലും നിയമപ്രകാരം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
തുർക്കിയിൽ നടന്ന ഒരു ക്രിസ്ത്യൻ പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഇവരെ 2025 ജൂലൈ ഏഴിനാണ് ഇറാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഖാസിം ഇസ്മായിലി നിലവിൽ അർബുദത്തിന് കീമോതെറാപ്പി ചികിത്സയിലാണ്. ഈ സാഹചര്യം പരിഗണിച്ച് അദ്ദേഹത്തിന്റെ ശിക്ഷ നടപ്പിലാക്കുന്നത് താൽക്കാലികമായി നീട്ടിവച്ചിട്ടുണ്ട്.
തടവ് ശിക്ഷയ്ക്ക് പുറമെ വലിയ ഒരു തുക പിഴയായും, ശിക്ഷാ കാലാവധിക്ക് ശേഷം രണ്ട് വർഷം രാജ്യത്തിനുള്ളിൽ തന്നെ നാടുകടത്തൽ, യാത്രാ നിരോധനം എന്നിവയും നായേരെ നേരിടേണ്ടി വരും. ഇറാനിൽ മതപരിവർത്തനം നടത്തുന്ന ക്രിസ്ത്യാനികൾ നേരിടുന്ന കടുത്ത പീഡനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇസ്‌ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവർക്ക് ഇറാനിൽ പരസ്യമായി ആരാധന നടത്താൻ അനുമതിയില്ല.
2025 – ൽ മാത്രം നൂറുകണക്കിന് വിശ്വാസികളെ ഇറാൻ ഭരണകൂടം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. വിശ്വാസത്തിന്റെ പേരിൽ മാത്രം ക്രൈസ്തവരെ പിടികൂടുകയും അവർക്കെതിരെ വ്യാജമായ ദേശീയ സുരക്ഷാ കുറ്റങ്ങൾ ചുമത്തുകയും ചെയ്യുന്നത് ഇറാനിൽ പതിവാണെന്ന് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (CHRI) ഡയറക്ടർ ഹാദി ഗാമി പറഞ്ഞു. മതപ്രചാരണം നടത്തുന്നവർക്ക് ഇറാൻ നിയമപ്രകാരം പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം