അഹമ്മദാബാദ് വിമാന ദുരന്തം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്‌തത് അപകട കാരണം
 

 
plane

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു.

കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാം പൈലറ്റിന്റെ മറുപടി.

സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ഇത് നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്.

കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.

അപകട സമയത്ത് വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേർ ബിസിനസ് ക്ലാസിലും 215 പേർ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.

Tags

Share this story

From Around the Web