ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കോട്ടയം: ചക്കപ്പഴം കഴിച്ചാല്‍ 'ഫിറ്റ്'ആകുമോ? എന്നാല്‍ കേട്ടോ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം വരിക്കച്ചക്കപ്പഴം കഴിച്ചവരെയെല്ലാം ബ്രെത്ത് അനലൈസര്‍ പിടിച്ചു. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
വീട്ടില്‍ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ചുളയുമായി എത്തിയത്. ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാാര്‍ നാലഞ്ച് ചുള അകത്താക്കി. ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ 'ഊതിക്കല്‍' തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ബ്രത്തനലൈസര്‍ പരിശോധനയില്‍ കുടുങ്ങി. താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു.
ഒടുവില്‍ സാംപിള്‍ പരിശോധന നടത്താമെന്നായി ജീവനക്കാര്‍. ഊതിക്കാന്‍ നിയോഗിച്ച ആള്‍തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോള്‍ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ.ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്കതന്നെയെന്ന് അധികതരും ഉറപ്പിച്ചു.
ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.