ഇന്ത്യക്ക് മേൽ 500% തീരുവ ചുമത്തുമോ? റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിൻ്റെ പച്ചക്കൊടി
വാഷിങ്‌ടൺ: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ താരിഫ് യുദ്ധം കടുപ്പിക്കാൻ ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുക. ഈ പ്രതിരോധ ബില്ലിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാണിച്ചതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറയുന്നു. ഇതോടെ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇറക്കുമതി താരിഫിന് വൻ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ബിൽ പാസായാൽ, റഷ്യയിൽ നിന്ന് എണ്ണയോ യുറേനിയമോ 'അറിഞ്ഞുകൊണ്ട്' വാങ്ങുകയും പുടിന്റെ 'യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുകയും' ചെയ്യുന്ന രാജ്യങ്ങൾക്ക് യുഎസ് 500 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങ്ങിന് വരാൻ സാധ്യതയുണ്ടെന്ന് ലിൻഡ്സെ ഗ്രഹാം പറയുന്നു. ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്നും മാസങ്ങളായി ചർച്ചയിലായിരുന്ന ബില്ലിന് പ്രസിഡന്റ് പിന്തുണ നൽകിയെന്നും ലിൻഡ്സെ ഗ്രഹാം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും ചേർന്നാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. റഷ്യയുടെ എണ്ണ, വാതകം, യുറേനിയം, മറ്റ് കയറ്റുമതികൾ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ഏർപ്പെടുത്താൻ ഈ ബിൽ യുഎസ് ഭരണകൂടത്തെ അനുവദിക്കും. ഇതുവഴി റഷ്യയുടെ സൈനിക നടപടികൾക്ക് ധനസഹായം നൽകുന്നത് ഇല്ലാതാക്കാനാണ് യുഎസിൻ്റെ ലക്ഷ്യം.
റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഇതിനോടകം തന്നെ അസ്വസ്ഥതകൾ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനവും എത്തിയത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.