ജയിലിൽ കിടക്കുന്ന പാവങ്ങൾ പണമുണ്ടാക്കുന്നത് എതിർക്കുന്നത് എന്തിനാണ്? തടവുകാരുടെ വേതന വർധന എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരത- ഇ പി ജയരാജൻ

 
jail

കണ്ണൂർ: തടവുകാരുടെ വേതന വർധനവ് എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ജയിലിൽ കിടക്കുന്ന പാവങ്ങൾ പണമുണ്ടാക്കുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നാണ് ഇ.പി. ജയരാജൻ്റെ ചോദ്യം. ഇത് എതിർക്കുന്നവർ ജയിലിൽക്കിടക്കുന്നവരോട് ചെയ്യുന്നത് ക്രൂരതയാണെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളാണ് വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നത്. കാലോചിതമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇ.പി.ജയരാജൻ പറയുന്നു. വേതനം കുറഞ്ഞവർക്ക് കൂട്ടണമെന്നത് സർക്കാർ നിലപാടാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളും, ആശാവർക്കർമാരും, കെഎസ്ആർടിസി ജീവനക്കാരുമടക്കം വേതന പ്രതിസന്ധി നേരിടുന്നതിനിടെയാണ് തടവുകാരുടെ വേതന പരിഷ്കരണം. ക്രിമിനലുകള്‍ക്ക് നല്‍കുന്ന പരിഗണന പോലും തങ്ങൾക്കില്ല എന്നാണ് പലരുടെയും പരാതി.

അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുകയാണ് പുനരധിവാസത്തിന്‍റെ ലക്ഷ്യമെന്ന അഭിപ്രായക്കാരുമുണ്ട്. കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും, അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളര്‍ത്തുന്നതിനും, ഒപ്പം, മോചനാനന്തരമുള്ള സാമ്പത്തിക സുരക്ഷയ്ക്കും ഇത് ഉതകും. വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഇത് സഹായകമാകുമെന്നും ഈ വിഭാഗം പറയുന്നു.

മൂന്നു തലങ്ങളിലായാണ് തടവുപുള്ളികള്‍ക്ക് വേതനം നിശ്ചയിച്ചിരിക്കുന്നത്. സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ്. ഇതില്‍ സ്‌കില്‍ഡ് തടവുകാര്‍ക്കാണ് കൂടുതല്‍ വേതനം. ഏഴു വര്‍ഷം മുന്‍പത്തെ 152 രൂപയില്‍ നിന്ന് 620 രൂപയായാണ് ഇവരുടെ വേതനം ഉയർത്തിയത്. സെമി സ്‌കില്‍ഡ് തടവുകാര്‍ക്കുള്ള വേതനം 127 രൂപയില്‍ നിന്ന് 560 രൂപയാക്കി. അണ്‍സ്‌കില്‍ഡ് തടവുകാര്‍ക്കുള്ള വേതനം 63 രൂപയില്‍ നിന്ന് 530 രൂപയായും വർധിപ്പിച്ചു. മൂവായിരത്തിലധികം തടവുപുള്ളികളുടെ വേതനമാണ് ഈ പരിഷ്കാരത്തിലൂടെ ഉയരുന്നത്. അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി എന്നാണ് വേതന വർധനവില്‍ സർക്കാരിന്‍റെ വിശദീകരണം.

Tags

Share this story

From Around the Web