പാലക്കാട് നഗരസഭ ആര് ഭരിക്കും? അവ്യക്തത തുടരുന്നു
പാലക്കാട്: പാലക്കാട് നഗരസഭ ആര് ഭരിക്കും എന്നതിൽ അവ്യക്തത തുടരുന്നു . സ്വതന്ത്രൻ എച്ച്. റഷീദിനെ പിന്തുണക്കുന്ന കാര്യത്തിൽ സിപിഎം ഇതുവരെ തീരുമാനം എടുത്തിട്ടില്ല .ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി യിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങളും ഉണ്ട്.
പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. പട്ടാമ്പി , ചിറ്റൂർ നഗരസഭകൾ യുഡിഎഫ് തിരിച്ച് പിടിച്ചു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റ് മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത് ഇത്തവണ 12 ആയി ഉയർത്തി. രണ്ട് ബ്ലോക്ക് പഞ്ചായത്ത് മാത്രമുള്ള യുഡിഎഫിന് ഇത്തവണ നാലായി.
തൃപ്പൂണിത്തുറ നഗരസഭയിൽ ഇടതുകോട്ട തകർത്ത് അട്ടിറി വിജയം നേടിയ എൻഡിഎയ്ക്കെതിരെ എൽഡിഎഫ്-യുഡിഎഫ് കൈകോർക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം പാലാ നഗരസഭയിൽ 20നു ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് സ്വതന്ത്ര കൂട്ടായ്മ നേതാവ് ബിനു പുളിക്കാക്കണ്ടം പറഞ്ഞു . എന്നാൽ യുഡിഎഫുമായി ബിനു ധാരണയിലെത്തിയതായാണ് വിവരം. എൽഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്തതാണ് സ്വതന്ത്രരായി വിജയിച്ച മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കാക്കണ്ടം , മകൾ ദിയ , സഹോദരൻ ബിജു എന്നിവർ ഭരണത്തിൽ നിർണായകമായത്.
ജോസ് കെ. മാണിയുടെ എതിർപ്പിനെ തുടർന്നാണ് ബിനു സിപിഎമ്മിൽ നിന്നും പുറത്തുപോയത്. ഈ സാചര്യത്തിൽ ബിനു യുഡിഎഫിനെ പിന്തുണക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. മകൾക്ക് അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിൽ ധാരണയായിൽ മാത്രമെ ബിനു അന്തിമ തീരുമാനം പ്രഖ്യാപിക്കൂ.