കേരളം ആര് ഭരിക്കും? ജനവിധി അറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണുക 43 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.
വോട്ടെണ്ണൽ സുഗമമാക്കാനാവശ്യമായ സജ്ജീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കർശന സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള അന്തിമഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രത്തിലും വോട്ടെണ്ണലിനായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചു.
വോട്ടെണ്ണൽ പുരോഗതി ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ഥാനാർഥികളുടെയും പാർട്ടികളുടെയും കൗണ്ടിങ് ഏജൻ്റുമാർക്ക് കമ്മീഷൻ കൃത്യമായ നിർദേശം നൽകി. ക്രമക്കേടുകൾ തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു. തപാൽ വോട്ടുകൾ എണ്ണാൻ ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയത്.
സുരക്ഷക്കായി ക്രമസമാധാന ചുമതലയുള്ള സേനകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ സംഘർഷ സാധ്യത ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ളാദ പ്രകടനങ്ങൾ അതിരുകടക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. വോട്ടെണ്ണൽ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ചില പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കാം. വ്യാജ പ്രചാരണം തടയാൻ സൈബർ സെൽ വിഭാഗത്തിൻ്റെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാംപ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.