അമ്മയെ നയിക്കാന്‍ ആരെത്തും?; നാമനിർദേശപത്രിക ഇന്നു മുതൽ സമർപ്പിക്കും, തിരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക.
മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം മലയാളത്തിലെ ചില താരങ്ങള്‍ക്കെതിരെ പുറത്തുവന്ന ലൈംഗിക പരാതികള്‍ സിനിമാ വ്യവസായത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു അമ്മ ജന.സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് രാജിവെച്ചു, സെക്രട്ടറിയായിരുന്ന ബാബുരാജ് ജന.സെക്രട്ടറിയുടെ താല്ക്കാലിക ചുമതലയിലേക്ക് വന്നുവെങ്കിലും ഏറെ താമസിയാതെ ബാബുരാജിനെതിരേയും ലൈംഗികാരോപണം വന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലായി. ഇതോടെയാണ് അമ്മ സംഘടനയുടെ ഭാരവാഹികള്‍ ഒന്നാകെ രാജിവച്ച് അഡ്ഹോക്ക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചമുന്‍പ് നടന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം കൈക്കൊണ്ടത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരട്ടെ എന്ന നിലപാടിലായിരുന്ന ഭൂരിഭാഗം അംഗങ്ങളും. എന്നാല്‍ മോഹന്‍ലാല്‍ അമ്മ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.