തിരുവനന്തപുരത്ത് ആര് മേയറാകും? അന്തിമ തീരുമാനത്തിലെത്താതെ ബിജെപി
തിരുവനന്തപുരം: കോർപ്പറേഷനിൽ മേയർ സ്ഥാനം ആർക്കെന്നതിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു. വി.വി. രാജേഷിൻ്റെയും ആർ. ശ്രീലേഖയുടെയും പേരുകൾക്കാണ് മുൻതൂക്കമെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഡൽഹിക്ക് പോയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് മടങ്ങിയെത്തും. ഇതിനുശേഷം തീരുമാനം പുറത്തുവിട്ടേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
26 ന് പുതിയ ഭരണസമിതികൾ ചുമതലയേൽക്കുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ ഉണ്ടാകുമെന്ന് പറയുമ്പോഴും അതാരാണ് എന്നതിൽ തീരുമാനം വൈകുകയാണ്. രാഷ്ട്രീയ പരിചയം കൂടി കണക്കിലെടുത്ത് വി.വി. രാജേഷ്, എം. ആർ. ഗോപൻ, കരമന അജിത് എന്നിവരിൽ ഒരാളെ മേയർ പദത്തിലേക്ക് കൊണ്ടു വരണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. അതല്ല മുൻ ഡിജിപി ആർ ശ്രീലേഖയെ മേയർ ആക്കണമെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്.
ഔദ്യോഗിക തീരുമാനം വൈകുന്നതിനാൽ സാമൂഹിക മാധ്യമങ്ങളിൽ പേര് സംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. ആർ. ശ്രീലേഖയെ മേയറും സിമി ജ്യോതിഷിനെ ഡെപ്യൂട്ടി മേയറുമാക്കി വ്യാജ പോസ്റ്ററുകളും ഇതിനകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ പേരുകൾ ഉയരുന്നത് പാർട്ടിയെ സമ്മർദത്തിലാക്കുമെന്നും അതിനാൽ പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകരുതെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്. സ്വതന്ത്രരെക്കൂടി അണിനിരത്തി മുന്നോട്ടു പോയാൽ വിഴിഞ്ഞം ഹാർബർ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ആശങ്കപ്പെടാതെ ഭരിക്കാമെന്ന പ്രതീക്ഷയും ബിജെപിക്ക് ഉണ്ട്.
ആർഎസ്എസ് നൽകിയ പട്ടികയിലെ പേരുകളും നേതൃത്വത്തിനു മുന്നിലുണ്ട്. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്കു ശേഷം ഇന്ന് മടങ്ങിയെത്തുന്ന രാജീവ് ചന്ദ്രശേഖർ ജില്ല നേതൃത്വമായി കൂടിയാലോചന നടത്തിയാകും മേയറെ പ്രഖ്യാപിക്കുക. നിയമസഭ തെരഞ്ഞടുപ്പുകൂടി മുന്നിൽ കണ്ടാകും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ മേയർ പ്രഖ്യാപനം.