ആരാകും മുഖ്യമന്ത്രി? കൂടുതൽ പിന്തുണ കെസിക്ക്, ലീഗിൻ്റെ കരുത്തിൽ സതീശൻ; നേതൃത്വത്തിൻ്റെ പിന്തുണ തേടി ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിലും യുഡിഎഫിലും ചർച്ചകളും പക്ഷംപിടിക്കലും ശക്തം. വിഡി സതീശൻ , കെസി വേണുഗോപാൽ , രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കൾ മുഖ്യമന്ത്രിക്കസേരയ്ക്കായി ചരടുവലി ശക്തമാക്കിയതോടെ ഹൈക്കമാൻഡ് നിരീക്ഷകരെ കേരളത്തിലേക്ക് അയക്കും. വൈകാതെ സംഘം സംസ്ഥാനത്തെത്തി എംഎൽഎമാരുടെ നിലപാടുകൾ കേട്ട് നടപടികൾ ആരംഭിക്കും.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതോടെയാണ് തർക്കം മുറുകുന്നതിന് മുന്നോടിയായി നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഗാർഗെയും പങ്കെടുത്ത യോഗം തീരുമാനമെടുത്തത്. നിയമസഭ കക്ഷിയോഗം നാളെ ചേരാനിരിക്കെയാണ് ഹൈക്കമാൻഡിൽ നിന്നുള്ള സംഘം കേരളത്തിലെത്തുന്നത്.
ഇതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചെന്നിത്തലയുടെ ലക്ഷ്യം. മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെന്നിത്തല ചർച്ച നടത്തിയേക്കും.
കൂടുതൽ എംഎൽമാരുടെ ശക്തമായ പിന്തുണയാണ് കെസി വേണുഗോപാലിന് കരുത്താകുന്നത്. അഞ്ച് വർഷത്തെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയാണ് വിഡി സതീശന് ആത്മവിശ്വാസം നൽകുന്നത്.
ഏതാനം എംഎൽമാരുടെ പിന്തുണയുണ്ടെങ്കിലും കൂടുതൽ എംഎൽമാരുടെ പിന്തുണ കെസി വേണുഗോപാലിനാണെന്നത് സതീശനെ ആശങ്കപ്പെടുത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള ബന്ധവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന പരിഗണനയും കെസി വേണുഗോപാലിന് നേട്ടമാകും.
എൽഎൽഎമാരുടെ പിന്തുണ കുറവാണെങ്കിലും മുതിർന്ന നേതാവെന്ന പരിഗണനയും ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയും നേട്ടമാകുമെന്ന വിലയിരുത്തലാണ് ചെന്നിത്തലയ്ക്കുള്ളത്. മുൻ പ്രതിപക്ഷ നേതാവും നിരവധി തവണ നിയമസഭാംഗവുമായ രമേശ് ചെന്നിത്തല അനുഭവപരിചയവും സീനിയോറിറ്റിയും മുന്നിൽ വെച്ചാണ് നീക്കം നടത്തുന്നത്.