കെഎസ്ആർടിസി ബസ് എവിടെയെത്തി, സീറ്റുണ്ടോ? എല്ലാ വിവരങ്ങളും ലൈവാണ് ചലോ ആപ്പിൽ

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാരെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് ബസ് എവിടെ എത്തി, എപ്പോൾ എത്തും സീറ്റുണ്ടോ എന്നതടക്കമുള്ള ലൈവ് ബസ് സ്റ്റാറ്റസ്. അതിനിതാ ഇപ്പോൾ പരിഹാരമായിരിക്കുന്നു.
കെഎസ്ആർടിസി അവതരിപ്പിച്ച ചലോ ആപ്പിൽ യാത്രക്കാർ അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം അതിലുണ്ട്. സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളിൽ ബസ് എത്തും, വരുന്ന ബസിൽ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാകുക
ട്രെയിൻ ലൈവ് സ്റ്റാറ്റസ് അറിയുന്ന നിരവധി ആപ്പുകൾക്ക് സമാനമായി തത്സമയ ലൊക്കേഷൻ വിവരം മാപ്പിലുടെ ലഭ്യമാകും. ടിക്കറ്റ് മെഷീനിലെ ജിപിഎസ് ഡേറ്റ ഉപയോഗിച്ചാണ് ഇൻഫർമേഷൻ സംവിധാനം പ്രവർത്തിക്കുന്നത്.
സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പിൽ പ്രവേശിച്ചാൽ യാത്രക്കാരന്റെ നിശ്ചിത ചുറ്റളവിലെ ബസുകൾ കാണാനാകും. യാത്രക്കാരന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ സ്വീകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താൽ അതിന്റെ നിലവിലെ ലൊക്കേഷനും എത്ര മിനിറ്റിനുള്ളിൽ എത്തുമെന്നതും റൂട്ടും കൃത്യമായി കാണാം.
സീറ്റുണ്ടെങ്കിൽ പച്ച. ഇല്ലെങ്കിൽ ചുവപ്പ്. ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവർത്തിക്കു ന്നത് എന്നതിനാൽ എന്റർ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസിൽ സീറ്റുണ്ടോ എന്ന വിവരം ലഭ്യമാക്കുന്നത്. ഉദാഹരണം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള 50 സീറ്റുള്ള ബസിൽ 65 യാത്രക്കാരുണ്ടെന്ന് കണക്കാക്കുക.
തൃശൂരിൽ നിന്ന് ഈ ബസിൽ കയറാനുദ്ദേശിക്കുന്നയാൾ ആപ് വഴി പരിശോധിക്കുമ്പോ ൾ സീറ്റില്ല എന്ന വിവരം കടും ചുവപ്പ് നിറത്തിൽ കാണിക്കും. ബസിൽ 52 പേരാണ് ഉള്ളതെങ്കിൽ ഓറഞ്ച് നിറത്തിൽ ‘യാത്രക്കാർ നിൽക്കുന്നു’ എന്ന വിവരം ലഭ്യമാകും. ഇനി 40 പേരേ ഉള്ളൂവെങ്കിൽ പച്ച നിറത്തിൽ ‘സിറ്റ് ലഭ്യമാണ്' എന്ന വിവരം കാണിക്കും.