എവിടെ പോയി രാജീവ് ചന്ദ്രശേഖർ, എവിടെ പോയി കേന്ദ്രമന്ത്രിമാർ; ബജ്രംഗദൾ ആക്രമണത്തിൽ ബി.ജെ.പിയെ വിമർശിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: ഒഡീഷയിൽ വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈദികരും കന്യാസ്ത്രീകളും വീണ്ടും വീണ്ടും ആക്രമിക്കപ്പെടുമ്പോൾ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരും എവിടെ പോയെന്ന് സതീശൻ ചോദിച്ചു. അരമനയിലെത്തി കേക്ക് നൽകുന്ന ആട്ടിൻതോലിട്ട ചെന്നായയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെന്നും സതീശൻ കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം 835ാമത്തെ സംഭവമാണ്. ഇക്കാര്യത്തിൽ ബി.ജെ.പി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ ഹാരിസിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കും. ബൈക്കിലെത്തി സാധാരണക്കാരായ രോഗികളെ ചികിത്സയാളാണ് ഹാരിസ്. ആരോഗ്യസംവിധാനത്തിലെ പോരായ്മകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ അത് പരിഹരിക്കുന്നതിന് പകരം ഹാരിസിനെ വേട്ടയാടാണ് നീക്കം നടത്തുന്നത്. ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നാണ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടാനുള്ളത്. ഡോ.കഫീൽ ഖാനെ യു.പി സർക്കാർ വേട്ടയാടിയത് പോലെയാണ് ഡോ.ഹാരിസിനെ സംസ്ഥാന സർക്കാർ വേട്ടയാടുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിനെതിരെ പരസ്യമായി രംഗത്തെത്തിയ ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാറും സൂപ്രണ്ടും ഇന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു.
മെഡിക്കൽ കോളജിൽ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞ ഉപകരണം ഹാരിസിന്റെ മുറിയിൽനിന്ന് ഇന്നലെ കണ്ടെത്തിയെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇതില്ലായിരുന്നുവെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാൾ മുറിയിലേക്ക് കടന്നുവരുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ടെന്നും അതാരാണെന്ന് പരിശോധിക്കുമെന്നും ഇവർ അറിയിച്ചു.കാണാതായ ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണമാണ് കണ്ടെത്തിയത്