'കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോള്‍ ആലോചിക്കുക, ഇല്ലാതായത് യുവാവിന്റെ ജീവിതം മാത്രമല്ല, സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി കൂടിയാണ്'
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സാറായ ഡോ.സൗമ്യ സരിന്‍. സോഷ്യല്‍ മീഡിയ എന്നത് ഒരു കോടതിയോ നിയമസംവിധാനമോ അല്ലെന്നും ഇവിടെയുള്ള വിധികള്‍ക്ക് ജീവന്റെ വിലയുണ്ടെന്നും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൗമ്യ സരിന്‍ പറഞ്ഞു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി സൗമ്യ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വിഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല, ഈ നാട്ടില്‍ പല രീതികളില്‍ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി കൂടിയാമെന്നും കുറിപ്പില്‍ പറയുന്നു.
സൗമ്യ സരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
'ബസ്സില്‍ വെച്ചു മോശമായി പെരുമാറി എന്ന് കാണിച്ചു യുവതി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം റീലിലെ യുവാവ് ആത്മഹത്യാ ചെയ്തു!'
ആദ്യമേ പറയട്ടെ, ഒരാള്‍ക്ക് നേരെ ഒരു അതിക്രമം നടന്നാല്‍ അതിന് തീര്‍പ്പ് ഉണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യല്‍ മീഡിയ. ഇത് കോടതിയോ നിയമസംവിധാനമോ അല്ല. ഇവിടെ ഉണ്ടാകുന്ന തീര്‍പ്പുകള്‍ക്ക് ഇതുപോലെ ജീവന്റെ വിലയുണ്ട്!
നമുക്ക് നേരെ ഒരു അതിക്രമം നടന്നാല്‍ നിങ്ങള്‍ക്ക് അത് വിഡിയോ എടുക്കാം. ആരും കുറ്റം പറഞ്ഞില്ല. പക്ഷെ അത് തെളിവിനായി മാത്രം ആകണം. അല്ലാതെ അത് പരസ്യമായി പോസ്റ്റ് ചെയ്താല്‍ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല!
ഇന്ന് ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചാല്‍ എങ്ങിനെ ആണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിക്കുന്നത് എന്ന് നമ്മള്‍ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ കാണിക്കുന്ന വ്യക്തിക്ക് എന്തൊക്കെ കേള്‍ക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല!
ഈ വിഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടില്‍ യഥാര്‍ത്ഥത്തില്‍ പല രീതികളില്‍ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി കൂടിയാണ്.
ഇങ്ങനെയുള്ള കേസുകള്‍ കൂടുമ്പോള്‍ യഥാര്‍ത്ഥ കേസുകള്‍ പോലും സംശയ മുനയില്‍ ആകും. സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാന്‍ കൂടി തോന്നാതെ ആകും. അത് യഥാര്‍ത്ഥ വേട്ടക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ആകുകയേയുള്ളു!
കുട്ടികാലം മുതല്‍ സ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്. എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകള്‍ ഉണ്ട്.
പക്ഷെ അതിനുള്ള വഴി ഇതല്ല!
ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വിഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി.
നിങ്ങള്‍ക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. ആ വിഡിയോയില്‍ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കട്ടെ. അന്വേഷിക്കട്ടെ.
അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി?
എന്നിട്ട് നിങ്ങള്‍ക്കിപ്പോള്‍ നീതി കിട്ടിയോ?
സോഷ്യല്‍ മീഡിയയില്‍ കയ്യില്‍ കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്ന് ആലോചിക്കുക...
അപ്പുറത്ത് നില്കുന്നവനും ഒരു ജീവിതം ഉണ്ട് എന്ന്...!