"രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം"; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. രണ്ടാം ഇടതുമുന്നണി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും കേരളം മദ്യശാലകളുടെ പ്രളയത്തിലായിരിക്കുകയാണെന്ന് സഭ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച സഭയുടെ ഔദ്യോഗിക നിലപാടും വിമർശനങ്ങളും അടങ്ങിയ സർക്കുലർ സംസ്ഥാനത്തെ വിവിധ പള്ളികളിൽ വായിച്ചു.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ലഹരി വിപത്ത് തടയാൻ അധികാരപ്പെട്ടവർ തന്നെ മദ്യശാലകൾ വ്യാപകമാക്കാൻ ലൈസൻസ് നൽകുകയാണെന്ന് സഭ ആരോപിച്ചു. മദ്യവും ഇതര ലഹരിവസ്തുക്കളും വീടുകളിലേക്ക് വരെ കടന്നുവരുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി.
ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു ഭരണസംവിധാനമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് സഭ ആവശ്യപ്പെട്ടു. ലാഭക്കണ്ണോടെ മദ്യശാലകൾ വ്യാപിപ്പിക്കുന്നത് സാമൂഹിക വിപത്തിന് കാരണമാകും. ഈ സാഹചര്യത്തിൽ എല്ലാ സമുദായ സംഘടനകളും രാഷ്ട്രീയ വ്യത്യാസമില്ലാതെ മദ്യ-ലഹരി വിരുദ്ധ സമിതികൾ രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങണമെന്നും സഭ ആഹ്വാനം ചെയ്തു.
അനിയന്ത്രിതമായ മദ്യലഭ്യത കുടുംബബന്ധങ്ങളെയും യുവതലമുറയെയും തകർക്കുമെന്നും സർക്കാർ നയം തിരുത്താൻ തയ്യാറാവണമെന്നും സഭ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് സഭയുടെ തീരുമാനം