'നിസ്കാരമുറി അടച്ചപ്പോൾ ശിരോവസ്ത്രം, ഇരവാദ നാടകം, പറ്റാത്തവർക്ക് മറ്റു സ്കൂളിൽ പോകാം, മറ്റു മതസ്ഥരുടെ സ്കൂളുകളിൽ നുഴഞ്ഞുകയറുന്നു'-കത്തോലിക്കസഭ മുഖപത്രം
 

 
333

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്ര വിവാദത്തിൽ പ്രതികരിച്ച് കത്തോലിക്കസഭ മുഖപത്രം ദീപിക.

കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണെന്നും ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ദീപിക മുഖപ്രസംഗത്തിൽ എഴുതുന്നു.

449 മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ വിദ്യാർഥിനിയെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

'സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം മ​റക്കു​ന്ന രീ​തി​യി​ലു​ള്ള വേ​ഷം പാ​ടി​ല്ലെ​ന്നും യൂ​ണി​ഫോം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നും പ​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ബാ​ല​ൻ​സ് ചെ​യ്താ​ണു പ്ര​തി​ക​രി​ച്ച​ത്. മ​റ്റു മ​ത​സ്ഥ​ർ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ളി​ൽ നി​സ്കാ​ര​മു​റി​യു​ടെ​യും ഹി​ജാ​ബി​ന്‍റെ​യു​മൊ​ക്കെ മ​റ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​ത​ല്ലേ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം? ' -എന്നും ചോദിക്കുന്നു.

ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണമെന്നും താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോയെന്നും മുഖപ്രസംഗത്തിൽ എന്നും പറയുന്നു.

"തങ്ങളുടെ സ്കൂളിന്‍റെ നിയമങ്ങൾ പാലിച്ച്, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്‌ലിം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലർക്കു മാത്രം അസാധ്യമാകുന്നത്?

വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്‍റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്‍റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ തീവ്ര മതവികാരം കുത്തിനിറക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാർഥികളെയെങ്കിലും രക്ഷിക്കണം.

തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികൾ ചാനലുകളിൽ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്.

ഇവരൊക്കെ വളർന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാൻ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാർഥികളെല്ലാം അനുകരിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നുകൂടി അവർ പറയട്ടെ.

മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിർത്താൻ മുസ്‌ലിം സമുദായത്തിലെതന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നു.

കുട്ടികളെ മുന്നിൽ നിർത്തി ഹിജാബിന്‍റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവർ തിരുത്തണം. അല്ലെങ്കിൽ ഇസ്‌ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും."-ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ പുറത്താക്കിയ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ചുതന്നെ സ്കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവിട്ടിരുന്നു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം.

വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണമായി പരിഹരിച്ച് ഇതുസംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ച രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദേശം നൽകിയതായും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല.

ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags

Share this story

From Around the Web