അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം? അമ്മയുടെ പേര് പറയാൻ കഴിയാത്തതിൽ വിഷമമുണ്ട്- വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയിലെ വന്ദേമാതരം ആലാപന വിവാദത്തിലും പേരിനൊപ്പം ജാതിപ്പേര് ചേർത്തതിലും ഉയർന്ന വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയും വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമേയുള്ളൂവെന്നും എന്നാൽ അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
"ഞാൻ എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം? അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതിൽ സങ്കടമുണ്ട്. ഞാൻ എം.എൽ.എ ആകും മുൻപ് തന്നെ മരിച്ചുപോയവരാണ് രണ്ടുപേരും. എന്റെ പാസ്‌പോർട്ടിലുള്ള മുഴുവൻ പേരാണ് സത്യപ്രതിജ്ഞാ വേളയിൽ വായിച്ചത്. അത്തരം നിമിഷങ്ങളിൽ മാതാപിതാക്കളെ ഓർക്കേണ്ടതുണ്ട്. അമ്മയെ മനസ്സിൽ വിചാരിച്ചു, അച്ഛന്റെ പേര് പറഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു," വി.ഡി. സതീശൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ രൂപത്തിൽ ആലപിച്ചതിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. വന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന കാര്യം തങ്ങൾക്ക് മുൻകൂട്ടി അറിയില്ലായിരുന്നു. രാജ്ഭവനിൽ (ലോക്ഭവൻ) നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് നടപടികൾ ക്രമീകരിച്ചത്. വേദിയിൽ നിൽക്കുമ്പോഴാണ് വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് കേൾക്കുന്നത്. അതിനിടയിൽ കയറി ചടങ്ങ് തടസ്സപ്പെടുത്താൻ കഴിയില്ലല്ലോ എന്നും, തങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്തതല്ല അതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 'തിണ്ണ നിരങ്ങാൻ പോകരുത്' എന്ന് താൻ പറഞ്ഞിട്ടില്ലെന്നും പണ്ട് ചില നേതാക്കളെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മതമേലധ്യക്ഷന്മാരെ സന്ദർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
"ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? ശിവഗിരിയിൽ പോയി മഠാധിപതികളെ നമ്മൾ കാണാറുണ്ടല്ലോ. ക്ലീമിസ് ബാവയെയും നെറ്റോ പിതാവിനെയും പോയി കണ്ടിരുന്നു. എനിക്ക് ഇഷ്ടമുള്ളവരെ പോയി കാണുന്നതിൽ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ് അവരെ കാണാൻ പോകുന്നത്. ഭരണത്തിൽ എല്ലാവരെയും ചേർത്തുപിടിക്കും. എന്നാൽ വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും, മതേതരത്വത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല." - മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.