കാലാവധി പൂര്‍ത്തിയാക്കാതെ ഉപരാഷ്ട്രപതി രാജിവെച്ചാല്‍ എന്ത് സംഭവിക്കും?; ഭരണഘടന പറയുന്നതിങ്ങനെ...

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ജഗ്‌ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിതമായുണ്ടായ രാജി പ്രഖ്യാപനം അടിയന്തരമായി ഈ ഭരണഘടനാ പദവിയില്‍ പുതിയ ആളിനെ കണ്ടെത്തുക എന്ന ആവശ്യകതിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ വളരെ വേഗം നടത്തും.
കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം അവശേഷിക്കുമ്പോഴാണ് ജഗ്‌ദീപ് ധന്‍കര്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു തന്‍റെ രാജിക്കത്ത് സമര്‍പ്പിച്ചത് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ രാജി.
2022ലാണ് ധന്‍കര്‍ ചുമതലയേറ്റത്. 2027 ഓഗസ്റ്റ് വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. കാലാവധി പൂര്‍ത്തിയാകും മുമ്പ് രാജി വച്ചൊഴിയുന്ന മൂന്നാമത്തെ ഉപരാഷ്‌ട്രപതിയാണ് ധന്‍കര്‍.
രാഷ്‌ട്രപതിയായിരുന്ന സാക്കിര്‍ ഹുസൈന്‍റെ മരണത്തെ തുടര്‍ന്ന് 1969 ജൂലൈ 20ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരിയാണ് ആദ്യമായി ഈ സ്ഥാനം രാജി വച്ച ആദ്യ വ്യക്തി. രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയായിരുന്നു ഈ രാജി. പിന്നീട് 1987ല്‍ രാഷ്‌ട്രപതി ആയതിനെ തുടര്‍ന്ന് ആര്‍ വെങ്കട്ടരാമനാണ് രണ്ടാമത് ഉപരാഷ്‌ട്രപതി സ്ഥാനം രാജി വച്ചത്.
മരണം, രാജി, നീക്കം ചെയ്യല്‍ തുടങ്ങിയ കാരണങ്ങള്‍ മൂലം ഉപരാഷ്‌ട്രപതി സ്ഥാനം ഒഴിവ് വന്നാല്‍ എത്രയും പെട്ടെന്ന് അത് നികത്തണമെന്ന് ഭരണഘടനയില്‍ ഉപരാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന 63 മുതല്‍ 71 വരെയുള്ള അനുച്‌ഛേദങ്ങള്‍ പറയുന്നു. ഒപ്പം 1974ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.
ഭരണഘടനാ അനുച്‌ഛേദം 68 ഉപവിഭാഗം രണ്ടിലാണ് ഇതേക്കുറിച്ച് വിശദമായി പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ അഞ്ച് വര്‍ഷത്തെ പൂര്‍ണ കാലയളവില്‍ ഈ പദവിയില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയാണ് ഉപരാഷ്‌ട്രപതി. അഞ്ച് വര്‍ഷമാണ് കാലാവധിയെങ്കിലും പിന്‍ഗാമിയെത്തും വരെ ആ പദവിയില്‍ തുടരാനാകും.
ഉപരാഷ്‌ട്രപതി രാജി വച്ചാല്‍ രാജ്യസഭയിലെ മുതിര്‍ന്ന അംഗം സഭാ നടപടികള്‍ നിയന്ത്രിക്കും. ചെയര്‍മാന്‍റെ അഭാവത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന് ഉപരിസഭയുടെ അധ്യക്ഷനാകാനും ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്ന് മുന്‍ നിയമ സെക്രട്ടറിയും നിയമ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എന്‍ കെ.ജയകുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
നിലവില്‍ ഹരിവംശ നാരായണ്‍ സിങാണ് ഈ പദവിയിലുള്ളത്. 2022 ഓഗസ്റ്റിലായിരുന്നു അദ്ദേഹം ഈ സ്ഥാനത്തേക്ക് വന്നത്. അടുത്ത ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കും വരെ അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാനാകുമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദിനേശ് ദ്വിവേദി ഇടിവി ഭാരതിനോട് പറഞ്ഞു.
ഉപരാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ്
പാര്‍ലമെന്‍റിലെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്‍പ്പെട്ട ഇലക്‌ടറല്‍ കോളജാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സിംഗിള്‍ ട്രാന്‍സഫറബിള്‍ വോട്ടിലൂടെയുള്ള പ്രാതിനിധ്യ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടിംഗ് നടക്കുക.
ഉപാഷ്‌ട്രപതി സ്ഥാനത്ത് ഒഴിവ് വന്നാല്‍ അനാവശ്യ കാലതാമസം ഒഴിവാക്കി എത്രയും പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഉപരാഷ്‌ട്രപതിയുടെ സ്ഥാനം ഒഴിവ് വന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കും. ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനായി ക്ഷണിക്കും. ഏതായാലും പുത്തന്‍ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉപരാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ
തെരഞ്ഞടുപ്പ് നടത്താനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്‌തമാണ്. ഉപരാഷ്‌ട്രപതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കിയുള്ളപ്പോള്‍ തന്നെ പുതിയ ഉപരാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്ന് ഭരണഘടനാ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. കാലാവധി അവസാനിക്കുന്ന ഉപരാഷ്‌ട്രപതി ഓഫീസില്‍ നി്ന് ഇറങ്ങുന്നതിന് തൊട്ടടുത്ത ദിവസം തന്നെ പുതിയ ഉപരാഷ്‌ട്രപതി അധികാരമേല്‍ക്കും വിധം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ഡോ. ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഉപരാഷ്‌ട്രപതിക്ക് വേണ്ട യോഗ്യതകള്‍
ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആള്‍ തീര്‍ച്ചയായും ഇന്ത്യന്‍ പൗരനായിരിക്കണെന്ന് വ്യവസ്ഥയുണ്ട്. 35 വയസ് പൂര്‍ത്തിയായിരിക്കണം. സര്‍ക്കാരിന് കീഴില്‍ പ്രതിഫലം പറ്റുന്ന മറ്റൊരു പദവിയും വഹിക്കുന്ന ആളാകരുത്.
മറ്റ് സുപ്രധാന വ്യവസ്ഥകള്‍
ഉപരാഷ്‌ട്രപതി സ്ഥാനത്തക്ക് മത്സരിക്കുന്ന വ്യക്തിയെ ഇലക്‌ടറല്‍ കോളജ് അംഗങ്ങളായ 20പേര്‍ നാമനിര്‍ദ്ദേശം ചെയ്യണം. 20 പേര്‍ പിന്താങ്ങുകയും വേണമെന്ന് 1974ലെ രാഷ്‌ട്രപതി ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പറയുന്നു. സ്ഥാനാര്‍ഥിക്ക് നേരിട്ടോ നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍ക്കോ പിന്തുണയ്ക്കുന്നവര്‍ക്കോ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനാകും.
15000 രൂപ പണമായോ റിസര്‍വ് ബാങ്കിലോ സര്‍ക്കാര്‍ ട്രഷറികളിലോ അടച്ചതിന്‍രെ ചെലാനോ റിട്ടേണിങ് ഓഫീസറിന് മുന്നില്‍ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിക്കണം. ഒപ്പം ഇവര്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള പാര്‍ലമെന്‍ററി മണ്ഡലത്തിന്‍റെ വോട്ടര്‍പട്ടികയും സമര്‍പ്പിക്കണം.
വോട്ടിങ് നടക്കുന്നത്
പാര്‍ലമെന്‍റ് മന്ദിരത്തിലെ ഒരു മുറി ഉപരാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പിനായി നീക്കി വച്ചിട്ടുണ്ട് രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്‌തമായി ഉപരാഷ്‌ട്രപത തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് ഒന്ന് തന്നെയാണ് മൂല്യം. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള എംപിമാരുടെ വോട്ടുകളുടെ മൂല്യത്തില്‍ വ്യത്യസ്‌തതയുണ്ട്.
ആവശ്യമായ വോട്ട്
രേഖപ്പെടുത്തിയ സാധുവായ വോട്ടുകളുടെ അന്‍പത് ശതമാനം നേടിയാല്‍ മാത്രമേ വിജയിയാകൂ.