സെക്കന്റ്‌സ് വ്യാജ മദ്യം എന്താണ്? അന്യസംസ്ഥാനങ്ങളില്‍ നിന്നു കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലര്‍ത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വില്‍ക്കും
കോട്ടയം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ അഴിമതിയും നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു. സെക്കന്റ്‌സ് വ്യാജ മദ്യം വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അന്യസംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം കടത്തികൊണ്ടു വന്ന് ബാറുകളില്‍ വില്‍പ്പന നടത്തുന്നതായും വിവരമുണ്ട്. ഇത്തരത്തില്‍ കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലര്‍ത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വില്‍പ്പന നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
ഇത് അറിയപ്പെടുന്നത് സെക്കന്റ്‌സ് എന്ന പേരിലാണ്. പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട് ബാറുകളില്‍ അബ്കാരി നിയമങ്ങള്‍ ലംഘിച്ച് ''സെക്കന്റ്‌സ്'' എന്നറിയപ്പെടുന്ന വ്യാജ മദ്യവില്‍പന അരങ്ങേറിയത്.
ബാറുടമകളുടെ കൃത്രിമത്വത്തിന് കൂട്ടുനില്‍ക്കുകയും പകരം പ്രതിഫലം കൈപ്പറ്റുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ വിജിലന്‍സ് ഗൗരവമായാണ് കാണുന്നത്. ക്രമക്കേടുകളില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരും ദിവസങ്ങളിലും വിശദമായ പരിശോധന തുടരുമെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.