മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു? മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?

 
munambam

സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ മുനമ്പം, കടപ്പുറം നിവാ സികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം  തുടങ്ങിയിട്ട് ഓഗസ്റ്റ് എട്ടിന് 300 ദിവസം തികഞ്ഞു. കേരളീയ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുനമ്പത്തെ മറന്നോ എന്നൊരു ആശങ്ക ബാക്കിയാകുകയാണ്.

മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്.

മുനമ്പം ഭൂമി പ്രശ്നത്തിന് ചതിയുടെയും കബളിപ്പിക്ക ലുകളുടെയും പിന്നാമ്പുറങ്ങളുണ്ട്. ഗവണ്‍മെന്റും നീതിപീഠ ങ്ങളും ഇവിടെ പ്രതിക്കൂട്ടിലാണ്. ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ കേള്‍ക്കാതെയാണ് അവര്‍ റിപ്പോര്‍ട്ടുകള്‍ തയാ റാക്കിയതും തീര്‍പ്പുകള്‍ കല്പിച്ചതും.

മഹാരാജാവിന്റെ ഭൂമി

1902 ല്‍ തിരുവിതാംകൂറിലെ ആയില്യം തിരുന്നാള്‍ മഹാരാജാവ് അബ്ദുള്‍ സത്താര്‍ മുസസേഠുവിന് 404 ഏക്കര്‍ സ്ഥലം കാര്‍ഷിക ആവശ്യത്തിനായി പാട്ടത്തിന് നല്‍കുകയും അദ്ദേഹത്തിന്റെ  പിന്തുടര്‍ച്ചാവകാശിയായ സിദ്ധിഖ് സേഠ് 1950-ല്‍ ഈ ഭൂമി ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളേജിന് ദാനമായി നല്‍കുകയും ചെയ്യുകയായിരുന്നു. കടല്‍ ഭിത്തി ഇല്ലാതിരു ന്നതിനാല്‍ അപ്പോഴേക്കും കടല്‍കയറി 114 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളവുമായി 404 ഏക്കര്‍ സ്ഥലം ചുരുങ്ങിയിരുന്നു.

 കടല്‍ക്കയറി സ്ഥലം നഷ്ടപ്പെടുന്നതനുസരിച്ച് മത്സ്യത്തൊ ഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാനുള്ള സൗകര്യത്തിനു വേണ്ടി കടലിനരികെ ലഭ്യമായ ഭൂമിയില്‍ താമസിച്ചുവന്നു. അങ്ങനെ മേല്‍പറഞ്ഞ സ്ഥലത്തും മത്സ്യത്തൊഴിലാളികള്‍ താമസമാക്കി. ഇവരില്‍ 14 കുടിയാന്മാര്‍ക്ക് സേഠ് പറവൂര്‍ തഹ സില്‍ദാറില്‍ നിന്നും കുടിയാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടു ക്കുകയും ചെയ്തിരുന്നു.

1951ല്‍ ഫറൂഖ് കോളേജിന് ഈ ഭൂമിക്ക് പട്ടയം ലഭിച്ചു. തുടര്‍ന്ന് സ്വദേശികളായ മത്സ്യത്തൊഴിലാളികളുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് ഉണ്ടായി.  ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഫറൂഖ് കോളേജിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറൂക്ക് കോളേജില്‍ നിന്നും വില കൊടുത്തു ഭൂമി വാങ്ങി. നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരമടച്ചു സ്വസ്ഥമായി ജീവിച്ചുവരുകയായിരുന്നു.

നിസാര്‍ കമ്മീഷന്റെ ക്രൂരതകള്‍

അതിനിടയിലാണ് 2007-ല്‍ നിസാര്‍ കമ്മീഷന്‍ നിലവില്‍ വരുന്നത്. വഖഫ് ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു കമ്മീഷന്റെ പരിഗണനാ വിഷയം. എന്നാല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് മുനമ്പം നിവാസികളോട് വിശദീകരണം തേടാതെ, അവരുടെ ഭാഗം കേള്‍ക്കാതെ 2009-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍.

2019-ല്‍ വഖഫ് ബോര്‍ഡ് അവരുടെ ആസ്തിവിവര ക്കണക്കുകളില്‍ ഈ ഭൂമി എഴുതിച്ചേര്‍ക്കുകയും റവന്യൂ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതൊന്നും പ്രദേശവാസികള്‍ അറിഞ്ഞില്ല. 2022 ജനുവരിയില്‍ അവിടുത്തെ താമസക്കാരില്‍ ഒരാള്‍ കരമടക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍  ഈ ഭൂമി വഖഫ് ഭൂമിയാണെന്നു ചൂണ്ടിക്കാട്ടി കരം വാങ്ങാന്‍ റവന്യൂ അധികൃതര്‍ തയാറായില്ല. അങ്ങനെയാണ് തങ്ങള്‍ ചതിക്കുഴിയില്‍ വീണെന്ന് മുനമ്പം നിവാസികള്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കരം അടക്കാനും പോകുവരവു നടത്താനും അനുവദിച്ചുകൊണ്ട് വിധി പുറപ്പെടു  വിച്ചെങ്കിലും അതിനെതിരായി വഖഫ് സംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍നിന്നും സ്റ്റേ വാങ്ങിയിരി ക്കുകയാണ്. മുനമ്പം നിവാസികള്‍ക്ക് ഭൂമി ഈടുവച്ച് ബാങ്കില്‍നിന്നും ലോണ്‍ എടുക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. മക്കളുടെ പഠനം, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നു.

നീതി അകലെയോ?

മുനമ്പം, കടപ്പുറം പ്രദേശത്തെ ഭൂമി വില നല്‍കി വാങ്ങി യതാണെന്നും വഖഫിന്റെ നിര്‍വചനത്തിനകത്ത് വരുന്ന ഭൂമിയല്ലെന്നും ഗവണ്‍മെന്റിനും ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ ക്കും നിശ്ചയമുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് വഖഫ് ബോര്‍ഡിന് ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ പ്രശ്നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നാള്‍വഴികള്‍ പകല്‍പ്പോലെ വ്യക്തമായിരിക്കുമ്പോഴും മുനമ്പം നിവാസികള്‍ സ്വാഭാവികനീതിക്കു വേണ്ടി തെരുവിലാണെന്നത് കേരളത്തിന്റെ ചരിത്രവഴികളിലെ കറുത്ത അധ്യായമാണ്.

മലയാളികളുടെ നീതിബോധത്തിന് നേരെയാണ് ഇവിടെ ചൂണ്ടുവിരലുകള്‍ ഉയരുന്നത്. മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള ഈ ധര്‍മ്മസമരത്തില്‍ നീതിബോധമുള്ള മലയാളികള്‍ ഒന്നിച്ചണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജോസഫ് മൈക്കിള്‍

കടപ്പാട് സൺഡേ ശാലോം
 

Tags

Share this story

From Around the Web