സുജിത്തിന് നേരെ നടന്നത് തീവ്രവാദ ക്യാമ്പുകളിൽ ചെയ്യാത്ത ക്രൂരത; പൊലീസുകാരെ പിരിച്ചുവിട്ടില്ലെങ്കിൽ കോൺഗ്രസ് ഏതറ്റംവരെയും പോകും -വി.ഡി. സതീശൻ

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുജിത്തിനെ മർദിക്കുന്ന ദൃശ്യം എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
കേരള പൊലീസ് നിരപരാധിയായ ചെറുപ്പക്കാരനോട് ക്രിമിനലുകളോട് പോലും കാണിക്കാത്ത മർദനമുറകളാണ് അഴിച്ചുവിട്ടത്. സുജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. മർദനം ആവർത്തിച്ചിട്ടും മതിവരുന്നില്ല. സുജിത്ത് മദ്യപിച്ചെന്ന ആരോപണം പരിശോധനയിലൂടെ തെറ്റാണ് തെളിഞ്ഞു. മനപൂർവം മർദിക്കുകയായിരുന്നു.
കസ്റ്റഡി പീഡനമാണ് നടന്നത്. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രതികളെ സർവീസിൽ നിന്ന് പുറത്താക്കണം. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് സാധാരണ ചെയ്യാത്ത എക്സ്ട്രീമിലേക്ക് പോകും.
മർദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം തൃശ്ശൂർ ഡി.ഐ.ജി പറഞ്ഞത് സ്വീകാര്യമല്ല. കുറ്റാരോപിതരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്‍റെ വക്താവായി ഡി.ഐ.ജി മാറരുത്. അത്തരത്തിൽ മാറുന്ന പൊലീസ് ഉദ്യോഗസ്ഥർ നോക്കിയിരുന്നോണം.
പൊലീസുകാരെ രക്ഷപ്പെടുത്തുന്നതിൽ സി.പി.എം ജില്ലാ കമ്മിറ്റി വരെ ശ്രമം നടത്തി. മുതിർന്ന നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇതിലുണ്ട്. കേരളത്തിലെ പൊലീസ് ഇത്രയും വഷളായ കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എത്രയോ നല്ല ഉദ്യോഗസ്ഥന്മാർ സേനയിലുണ്ട്. സേനക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ സംഭവമാണ്. തീവ്രവാദികളുടെ ക്യാമ്പുകളിൽ ചെയ്യാത്ത ക്രൂരതയാണിത്. ഈ വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മർദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. ഇന്ന് എസ്.ഐയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുജിത്തിനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.