ക്രിസ്തുമസ് നിരോധിച്ചിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്?
ലോകമെമ്പാടുമുള്ള ക്രൈസ്തവർ എല്ലാ വർഷവും വളരെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു തിരുനാളാണ് ക്രിസ്തുമസ്. ലോകരക്ഷകന്റെ ജനനത്തെ അനുസ്മരിക്കുന്ന ദിനമാണ് ഇത്. എന്നാൽ, ലോകത്തിലെ ചിലയിടങ്ങളിൽ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കുന്നവർ ഉണ്ട്. ബ്രൂണൈ, ചൈന, ഇറാൻ, ഉത്തര കൊറിയ, സൊമാലിയ എന്നിവിടങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യാനികൾ യേശുവിന്റെ ജനനം രഹസ്യമായി ആഘോഷിക്കണം, അല്ലെങ്കിൽ തടവ് ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
ബ്രൂണൈ
ബ്രൂണൈയിൽ, ക്രിസ്തുമസ് പരസ്യമായി ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുന്നു. ക്രൈസ്തവർക്ക് അവരുടെ വീടുകളിലോ പള്ളികളിലോ അവധി ആഘോഷിക്കാൻ അനുവാദമുണ്ടെങ്കിലും, അവർക്ക് പൊതു ക്രിസ്തുമസ് ആഘോഷങ്ങൾ നടത്താൻ കഴിയില്ല. ക്രിസ്തുമസ് ആഘോഷങ്ങൾ മുസ്ലീങ്ങളെ ഇസ്ലാമിൽ നിന്ന് അകറ്റുമോയെന്ന് ഭയന്ന് 2014 ൽ രാജ്യം ഔദ്യോഗികമായി പൊതു ക്രിസ്തുമസ് പരിപാടികൾ നിരോധിച്ചു. സാന്താ തൊപ്പികൾ ധരിച്ചോ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തോ നിരോധനം ലംഘിക്കുന്ന മുസ്ലീങ്ങൾക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ചൈന
പ്രദേശങ്ങൾക്കനുസരിച്ച് നിയന്ത്രിത ക്രിസ്തുമസ് ആഘോഷങ്ങൾ നടത്താൻ ചൈന അംഗീകൃത ഗ്രൂപ്പുകളെ അനുവദിക്കുന്നു. 18 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് ക്രിസ്തുമസ് പള്ളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയിരിക്കുന്നു.
ഇറാൻ
ഇറാനിൽ, രജിസ്റ്റർ ചെയ്ത പള്ളികളിലും അംഗീകൃത ജില്ലകളിലും ക്രിസ്തുമസ് ഒത്തുചേരലുകൾ അനുവദനീയമാണ്. ചെറിയ, രജിസ്റ്റർ ചെയ്യാത്ത ഹൗസ്-ചർച്ചുകൾ, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത മുസ്ലീം പള്ളികൾ, പലപ്പോഴും അധികാരികൾ റെയ്ഡ് ചെയ്യാറുണ്ട്. 2025 നവംബറിൽ, ഒരു ക്രിസ്ത്യൻ ഹൗസ് പള്ളിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത രണ്ട് വ്യക്തികൾ രണ്ട് വർഷത്തെ തടവ് അനുഭവിക്കുന്നു.
ബർണബാസ് എയ്ഡിന്റെ അഭിപ്രായത്തിൽ, “2023 ഡിസംബറിൽ ഷഹരിയാറിലെ ഒരു വീട്ടിലെ പള്ളിയിൽ 30 ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ റെയ്ഡിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. അന്ന് ഏകദേശം 25 വിശ്വാസികൾ പ്രാർഥിക്കാനും ക്രിസ്തുമസ് ആഘോഷത്തിനുമായി ഒത്തുകൂടിയിരുന്നു.”
കൂടാതെ, ഇറാന്റെ മാതൃഭാഷയായ ഫാർസിയിൽ എല്ലാ പള്ളി സേവനങ്ങളും നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരം, തദ്ദേശീയരായ മുസ്ലീം-ഇറാനികളിലേക്ക് ക്രിസ്തുമതം വ്യാപിക്കുന്നത് തടയാൻ അർമേനിയൻ അല്ലെങ്കിൽ അസീറിയൻ പോലുള്ള വിദേശ ഭാഷകൾ സാധാരണയായി ഉപയോഗിക്കുന്നു.
ഉത്തര കൊറിയ
ഉത്തര കൊറിയയിൽ ക്രിസ്തുമസ് ആരാധനയും പ്രദർശനങ്ങളും നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ക്രിസ്തുമതത്തെ അതിന്റെ നേതൃത്വത്തിന് ഭീഷണിയായും ക്രിസ്തുമസിനെ സമൂഹത്തിന് ഭീഷണിയായും കാണുന്നു. മതസ്വാതന്ത്ര്യം രാജ്യത്ത് നിലവിലില്ല, ബൈബിൾ സ്വന്തമാക്കുകയോ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. 2016-ൽ, രാജ്യത്തിന്റെ ഏകാധിപതി കിം ജോങ്-ഉൻ, 1919 ഡിസംബർ 24-ന് ജനിച്ച തന്റെ മുത്തശ്ശി കിം ജോങ്-സുക്കിനെ ആരാധിക്കണമെന്ന് ഉത്തരകൊറിയക്കാർ നിർബന്ധമാക്കുന്ന ഒരു ഉത്തരവ് പ്രഖ്യാപിച്ചു.
സൊമാലിയ
മുസ്ലീം ഭൂരിപക്ഷ രാജ്യമായ സൊമാലിയയിൽ പൊതു ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിച്ചിരിക്കുന്നു. 2015-ൽ രാജ്യത്ത് ക്രിസ്തുമസ് ആഘോഷം ഉദ്യോഗസ്ഥർ നിരോധിച്ചു. ഈ നിരോധനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.
പല ക്രിസ്ത്യാനികൾക്കും മതസ്വാതന്ത്ര്യം വളരെ കുറവോ അപ്രാപ്യമോ ആണെങ്കിലും, അവരിൽ വലിയൊരു വിഭാഗം തങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ പിന്തുടരുകയും ശാന്തവും അർഥവത്തായതുമായ നിമിഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്യുന്നു.
കടപ്പാട് ലൈഫ് ഡേ