ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിൽ; ഏറ്റവും കുറവ് കേരളത്തിൽ

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (എസ്ആർഎസ്) ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം, 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ ഏറ്റവും ഉയർന്ന അനുപാതം പശ്ചിമ ബംഗാളിലാണെന്ന് വെളിപ്പെടുത്തുന്നു. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫീസ് സമാഹരിച്ച റിപ്പോർട്ടനുസരിച്ച്, പശ്ചിമ ബംഗാളിൽ 6.3% സ്ത്രീകൾ 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
“വലിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ ഏറ്റവും ഉയർന്ന അനുപാതം പശ്ചിമ ബംഗാളിലാണെന്നും അത് 6.3% ആണെന്നും കാണിക്കുന്നു. പശ്ചിമ ബംഗാളിനു പിന്നാലെ ജാർഖണ്ഡ് (4.6%) ആണെന്നും, ഏറ്റവും കുറവ് കേരളത്തിൽ (0.1%) ആണെന്നും വ്യക്തമാക്കുന്നു. കേരളത്തിനു തൊട്ടുപിന്നാലെ ഹിമാചൽ പ്രദേശും ഹരിയാനയും യഥാക്രമം 0.4%, 0.6% എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്” – എസ്ആർഎസ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദേശീയതലത്തിൽ 2.1% സ്ത്രീകൾ 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു.
ഗ്രാമപ്രദേശങ്ങളിലും 18 വയസ്സിനു മുമ്പ് വിവാഹിതരായ സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ തന്നെയാണ് – 5.8%. തൊട്ടുപിന്നാലെ ജാർഖണ്ഡ് – 5.2%. നഗരപ്രദേശങ്ങളിൽ 18 വയസ്സിനു മുമ്പ് വിവാഹിതരായ സ്ത്രീകളുടെ ഏറ്റവും ഉയർന്ന അനുപാതം പശ്ചിമ ബംഗാളിലാണ് – 7.6%. തൊട്ടുപിന്നാലെ ജമ്മു കാശ്മീർ 3.5 ശതമാനവും ഒഡീഷ 2.8 ശതമാനവും.
2025 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച എസ്ആർഎസ് ഡാറ്റ പ്രകാരം, 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ ശതമാനം പശ്ചിമ ബംഗാളിൽ 6.5% ആയിരുന്നു. അതേസമയം ഇന്ത്യ മുഴുവൻ ഇത് 2.6% ആയിരുന്നു. 2025 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച എസ്ആർഎസ് ഡാറ്റയും 2025 മെയ് മാസത്തിൽ പുറത്തിറക്കിയ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണിക്കുന്നു. പശ്ചിമ ബംഗാളിൽ 6.5 ശതമാനത്തിൽ നിന്ന് 6.3% ശതമാനത്തിലേക്ക് എത്തിയതായും ഇന്ത്യയിൽ അത് 2.6% ശതമാനത്തിൽ നിന്ന് 2.1% ശതമാനത്തിലേക്കു കുറഞ്ഞതായും കാണിക്കുന്നു.