'നമ്മളെല്ലാവരും നിരീക്ഷണത്തിലാണ്, എന്റെ ഫോൺ ചോർത്തുന്നുണ്ട്'; ആരോപണവുമായി വി.ഡി. സതീശൻ

 
vd satheesan-2

തന്‍റെ ഫോൺ ചോർത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. എല്ലാവരും നിരീക്ഷണത്തിലായിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ നീക്കവും ട്രാക്ക് ചെയ്യപ്പെടുന്നു. ചിന്തിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി സതീശൻ പറഞ്ഞു.

“നമ്മൾ എല്ലാവരും നിരീക്ഷണത്തലാണ്. നമ്മൾ എവിടെ പോകുന്നു, എങ്ങോട്ട് നീങ്ങുന്നു എന്നതെല്ലാം ട്രാക്ക് ചെയ്യപ്പെടുന്നു. ഒരു ഫോൺ ചെയ്യാൻ പോലും പറ്റില്ല. ഞാൻ ഫോൺ ചെയ്യുമ്പോൾ അത് ടാപ്പ് ചെയ്യപ്പെടുന്നുവെന്ന് എനിക്കറിയാം. അത് തിരുവനന്തപുരത്താണോ ഡൽഹിയിലാണോ എന്ന് അന്വേഷിക്കേണ്ട കാര്യമേയുള്ളൂ. രഹസ്യങ്ങളും സ്വാതന്ത്ര്യവുമില്ലാത്ത, ചിന്തിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപതികളായ ഭരണാധികാരികൾ ഭരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ ഉണ്ടായ കാര്യങ്ങളെല്ലാം 21-ാം നൂറ്റാണ്ടിന്‍റെ ഈ ആദ്യപകുതിയിലും ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുട്ടിലിഴയുന്നവര്‍ക്കും വാഴ്ത്തുപാട്ടുകാര്‍ക്കും വലിയ പ്രസക്തിയുണ്ട്. ഇവര്‍ക്കാണ് എല്ലാ സൗകര്യങ്ങളും ഭരണകൂടം ഒരുക്കിക്കൊടുക്കുന്നത്. അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും എപ്പോഴും അവരുടെ പിറകെ ആളുകളെ അയക്കുകയും ചെയ്യുന്നു.

അത് നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്. ആ രാജ്യത്തുണ്ടായ പ്രവണതകൾ നമ്മുടെ സംസ്ഥാനത്തുമുണ്ട്. മുഖ്യമന്ത്രി 'ഗോദി മീഡിയ' എന്ന് വിശേഷിപ്പിച്ച സംഭവം കേരളത്തിലുമുണ്ടെന്ന കരുതുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാൻ. നമ്മൾ തിരുത്തലുകൾക്ക് വിധേയരാകാൻ നിര്‍ബന്ധിതരാണ്. ലോകത്ത് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ എന്താണ്? നമ്മൾ അത് മനസിലാക്കണം” -പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags

Share this story

From Around the Web